ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരുമരണം. 11 പേർക്ക് പരിക്കേറ്റു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയതു.
രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ വ്യക്‌തമാക്കി. ശേഷിച്ചവ കടലിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലും പതിച്ചു. ഇവയുടെ അവശിഷ്‌ടങ്ങൾ ജനവാസ മേഖലകളിൽ ചിതറി വീണിട്ടുണ്ട്.
രാജ്യത്തിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റത്തെ ശക്‌തമായ ഭാഷയിൽ അപലപിച്ച യുഎഇ, രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനായി ഏത് തരത്തിലുള്ള തിരിച്ചടിക്കും അവകാശമുണ്ടെന്നും അറിയിച്ചു. അതേസമയം, ആരും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും സംയമനം പാലിക്കണമെന്നും യുഎഇ സ്‌ഥാനപതി അറിയിച്ചു.
യുഎഇ വ്യോമപാത താൽക്കാലികമായി അടച്ചെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഡ്രോണുകൾക്ക് വിലക്കുണ്ട്. ഗ്‌ളൈഡറുകൾക്കും ആളില്ലാ വിമാനങ്ങൾക്കും ഒരാഴ്‌ച നിരോധനം ഏർപ്പെടുത്തി. യുഎസ് സൈനിക ക്യാമ്പുകൾ ലക്ഷ്യമിട്ടാണ് ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ആക്രമണം നടത്തുന്നത്. ബഹ്‌റൈൻ മനാമയിൽ ജനവാസ മേഖലയിൽ നേരത്തെ ഇറാൻ ഡ്രോൺ പതിച്ചിരുന്നു.
അതേസമയം, പശ്‌ചിമേഷ്യയിലെ യുദ്ധ സാഹചര്യം ഗൾഫ് രാജ്യങ്ങളിലേക്ക് പടർന്നതോടെ കടുത്ത നടപടിയിലേക്ക് കടന്ന് ജിസിസി രാഷ്‌ട്രങ്ങൾ. അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഗൾഫ് മേഖലയിലെ ഇറാന്റെ തിരിച്ചടിയാണ് ജിസിസി രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. അമേരിക്കയെ എന്നല്ല ആരെ ലക്ഷ്യമിട്ടായാലും ഗൾഫിലേക്ക് ആക്രമണം പാടില്ലെന്ന് ജിസിസി രാജ്യങ്ങൾ വ്യക്‌തമാക്കി. അത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി തീരുമാനം എടുത്തതായും ജിസിസി വ്യക്‌തമാക്കി.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































