വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ്. യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്നും, രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനം ഉണ്ടാകുമെന്നുമുള്ള സൂചന നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.
”ഞങ്ങൾ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കും”- ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറപ്പിക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കൻ ട്രംപ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഹോർമുസിൽ പിന്നീട് ആക്രമണം ആവാമെന്ന് പ്രസിഡണ്ട് വിശ്വസ്തരോട് പറഞ്ഞതായാണ് റിപ്പോർട്. യുദ്ധം ആറാഴ്ചയ്ക്കകം തീർക്കണമെന്നായിരുന്നു പദ്ധതി. ഇപ്പോൾ അഞ്ചാം ആഴ്ചയിലെത്തി.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ധൈര്യം സംഭരിച്ച് സ്വന്തമായി എണ്ണ കണ്ടെത്താനാണ് ട്രംപിന്റെ നിർദ്ദേശം. നിങ്ങൾ സ്വയം പോരാടാൻ പഠിക്കേണ്ടതുണ്ട്, നിങ്ങളിതുവരെ ഞങ്ങളെ സഹായിക്കാൻ വരാത്തത് പോലെ, നിങ്ങളെ സഹായിക്കാൻ ഇനി യുഎസും അവിടെയുണ്ടാവില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ലോകത്തിലെ എണ്ണ- പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത ഫെബ്രുവരി 28ന് ഇറാനെതിരെ നടത്തിയ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളെയും ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളെയും തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. ഹോർമുസ് തുറക്കാനുള്ള ശ്രമങ്ങളിൽ സഹകരിക്കാൻ ട്രംപ് രാജ്യങ്ങളോട് നാളുകളായി ആവശ്യപ്പെടുകയാണ്. എന്നാൽ, രാജ്യങ്ങൾ ഇത് തള്ളുകയായിരുന്നു.
Most Read| പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ഏപ്രിൽ നാലിന് തലസ്ഥാനത്ത് റോഡ് ഷോ








































