പനാജി: ഐഎസ്എല്ലിൽ ഇന്ന് കരുത്തരായ മുംബൈ സിറ്റി എഫ്‌സി, പോയിന്റ് പട്ടികയിൽ മുൻനിരയിലുള്ള ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. രാത്രി 7:30ന് ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ സീസണിലെ ജൈത്രയാത്രയെ അനുസ്‌മരിപ്പിക്കുകയാണ് നടപ്പ് സീസണിലും മുംബൈ സിറ്റി. വമ്പൻ ടീമുകളുടെ വലയിൽ ഗോൾ മഴ തീർത്താണ് ചാമ്പ്യൻമാരുടെ കുതിപ്പ്.
മികച്ച പ്രതിരോധാത്‌മക ഫുട്ബോൾ പുറത്തെടുക്കുന്ന ജംഷഡ്‌പൂർ എഫ്‌സി മുംബൈ സിറ്റിക്ക് ഇന്ന് ശക്‌തമായ വെല്ലുവിളി തീർക്കുമെന്ന് ഉറപ്പാണ്. മുംബൈ നിരയിൽ ഇഗോർ അങ്കുളോ, വിക്രം പ്രതാപ് സിംഗ്, ബിപിൻ സിംഗ്, റാൾട്ടെ എന്നിവരെല്ലാം മികച്ച ഫോമിലാണ്. പുതിയ കോച്ച് ബക്കിംഗ്‌ഹാമിന് കീഴിൽ നല്ല ഒത്തിണക്കത്തോടെ കളിക്കുന്ന ടീമിന് നിലവിൽ കാര്യമായ വെല്ലുവിളികൾ ഒന്നും തന്നെയില്ല.
അതേസമയം മലയാളി താരം ടിപി രഹനേഷ് ഗോൾ വല കാക്കുന്ന ജംഷഡ്‌പൂർ എഫ്‌സി ഇക്കുറി മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഗെഹ്‌ലോട്ടും എലി സാബിയയും ചുക്കാൻ പിടിക്കുന്ന പ്രതിരോധ നിര പുറത്തെടുക്കുന്നത് ക്ളാസ് പ്രകടനമാണ്. കോമൾ തട്ടാലിന്റെ സാങ്കേതിക മികവും വാൽസ്‌കിസിന്റെ ഗോളടി മികവും റെഡ് മൈനേഴ്‌സിന് അട്ടിമറി പ്രതീക്ഷ നൽകുന്നതാണ്.
Read Also: സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’; പുതിയ ലിറിക്കല്‍ വീഡിയോ പുറത്ത്