ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം കരയുദ്ധത്തിലേക്ക്. സംഘർഷം അയവില്ലാത്ത പശ്ചാത്തലത്തിൽ ഹമാസിനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഏത് നിമിഷവും ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലക്ഷകണക്കിന് ഇസ്രയേൽ സൈനികർ ഗാസ അതിർത്തി വളഞ്ഞിരിക്കുകയാണ്. ദൗത്യം ഏത് നിമിഷവും തുടങ്ങുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു.
ഗാസയിലെ വൈദ്യുതി നിലയം ഉടൻ അടക്കും. ഹമാസിന്റെ മുഴുവൻ നേതാക്കളെയും വധിക്കുമെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ മുന്നറിയിപ്പ്. കാലാൾപ്പട, പീരങ്കി സേന എന്നിവക്ക് പുറമെ 3,00,000 റിസർവ് സൈനികരെയും ഗാസ അതിർത്തിക്ക് സമീപത്തേക്ക് അയച്ചിട്ടുണ്ട്. ഈ യുദ്ധത്തിന്റെ അവസാനത്തിൽ, ഇസ്രയേലി പൗരൻമാരെ കൊല്ലാനോ ഭീഷണിപ്പെടുത്താനോ കഴിയുന്ന ഒരു സൈനിക ശേഷിയും ഹമാസിന് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് വക്താവ് ജോനാഥൻ കോൺറിക്കസ് പറഞ്ഞു.
പോരാട്ടം ശക്തമാകും. ഗാസയിൽ നിന്നുള്ള രംഗങ്ങൾ വരും ദിവസങ്ങളിൽ മനസിലാക്കാനും അഭിമുഖീകരിക്കാനും കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവശത്തുമായി മരണം 3500 കടന്നു. ഇസ്രയേലിലെ മരണസംഖ്യ 1200 ആയി ഉയർന്നു. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. 2700ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ മരിച്ചവരുടെ എണ്ണം 900 കടന്നു. 4600ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
അമേരിക്കൻ സായുധങ്ങളുമായി ആദ്യവിമാനം തെക്കൻ ഇസ്രയേലിൽ എത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് അറിയിച്ചു. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. ഇന്നലെ ഹമാസ് നഗരത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഗാസ ധനമന്ത്രി കൊല്ലപ്പെട്ടിരുന്നു. ഗാസ ധനകാര്യ മന്ത്രി ജാവേദ് അബു ഷംലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഗാസയിലെ ധനകാര്യ മന്ത്രാലയവും ബാങ്കും ഇസ്രയേൽ തകർത്തിരുന്നു.
ഗാസയിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും ഉൾപ്പടെ എത്തിക്കുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. ഗാസയിലേക്ക് ഭക്ഷണം എത്തിക്കരുതെന്ന് ഈജിപ്ത്തിന് ഇസ്രയേൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഗാസയിൽ നിന്ന് ഈജിപ്ത്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേൽ സേനയുടെ അധീനതയിലാണ്. ഗാസയിലെ പ്രധാന മേഖലകളെല്ലാം ഇസ്രയേൽ ഇതിനോടകം പിടിച്ചെടുത്തു.
Most Read| നിർത്തിയിട്ട ഓട്ടോ തിരക്കുള്ള റോഡിലേക്കു ഉരുണ്ടിറങ്ങി; രക്ഷകയായെത്തിയ മിടുക്കിയിതാ മലപ്പുറത്തുണ്ട്!