ഗണേശ വിഗ്രഹവും കേസന്വേഷണവും ‘ജൂനിയർ മാൻഡ്രേക്ക്’ അവസ്‌ഥയും!

താന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന്റെ ബലിതർപ്പണം നടത്തുന്ന പഴശി ജലസംഭരണി പുഴയിലാണ് ഗണേശ വിഗ്രഹം കണ്ടെത്തിയത്. മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങിക്കിടന്ന വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗവും പ്രഭാവലയവും മാത്രമാണ് പുറത്തു കാണാനായത്.

By Trainee Reporter, Malabar News
kauthuka varthakal
Ajwa Travels

കണ്ണൂർ: (Kauthuka Varthakal) ദുരൂഹ സാഹചര്യത്തിൽ പുഴയിൽ കാണപ്പെട്ട ഗണേശ വിഗ്രഹവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ചെന്നെത്തിയത് പോലീസിനും നാട്ടുകാർക്കും ചിരിക്കാനുള്ള ക്‌ളൈമാക്‌സിൽ. ഇരിട്ടി പുഴയുടെ ഭാഗമായ താന്തോട് കണ്ടെത്തിയ വിഗ്രഹത്തെക്കുറിച്ച് ഇരിട്ടി പോലീസ് നടത്തിയ അന്വേഷണമാണ് രസകരമായി അവസാനിച്ചത്.

kauthuka varthakal

സംഭവങ്ങളുടെ തുടക്കം:

കഴിഞ്ഞ ഞായറാഴ്‌ച പുലർച്ചെ താന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിന്റെ ബലിതർപ്പണം നടത്തുന്ന പഴശി ജലസംഭരണി പുഴയിലാണ് ഗണേശ വിഗ്രഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഭക്‌തരടക്കം നൂറുകണക്കിനു ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. കഥകൾ പലതും നിമിഷങ്ങൾക്കകം പടർന്നു. സ്‌ഥലത്തെത്തിയ പോലീസ് സംഘത്തിന്റെ ആദ്യ നിഗമനം ഗണേശോൽസവത്തിന്റെ ഭാഗമായി നിമഞ്‌ജനം ചെയ്‌ത വിഗ്രഹമാണ് ഇതെന്നായിരുന്നു.

പുഴയിലിറങ്ങി വിഗ്രഹം പുറത്തെടുത്തു. മൂന്നടിയിലേറെ ഉയരമുള്ള വലിയ ഭാരമുള്ള ലോഹ വിഗ്രഹമായിരുന്നു ഇത്. അഞ്ചോളം പേർ ചേർന്നാണ് വെള്ളത്തിൽ നിന്നും കരയിലെത്തിച്ചത്. ലോഹ വിഗ്രഹങ്ങൾ നിമഞ്‌ജനം ചെയ്യാറില്ലാത്തതിനാൽ ഇത് എങ്ങിനെ ഇവിടെ വന്നു എന്നതായി സംശയം. ഇതിനിടയിൽ പഞ്ചലോഹ വിഗ്രഹമാണോ എന്ന സംശയവും ഉയർന്നു. ക്ഷേത്ര കവർച്ചക്കാർ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്ന് ചിലർ സംശയമുയർത്തി. പോലീസും നാട്ടുകാരും സംശയങ്ങളുടെ മുൾമുനയിലായി.

അന്വേഷണം ആരംഭിക്കുന്നു!

കസ്‌റ്റഡിയിലെടുത്ത വിഗ്രഹം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. വിദഗ്‌ധ പരിശോധനയിൽ പഞ്ചലോഹമല്ലെന്ന സ്‌ഥിരീകരണം ലഭിച്ചു. ഒന്നിലധികം ലോഹക്കൂട്ടുകൾ ചേർത്താണിത് നിർമിച്ചതെന്നും വ്യക്‌തമായി. സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നൊന്നും വിഗ്രഹങ്ങൾ മോഷണം പോയിട്ടില്ലെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചതോടെ വിഗ്രഹത്തിന് പിന്നിലെ സത്യാവസ്‌ഥ കണ്ടെത്താൻ ഇരിട്ടി സർക്കിൾ ഇൻസ്‌പെക്‌ടർ കെജെ വിനോയിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

ചിരിപ്പിക്കുന്ന ക്‌ളൈമാക്‌സ്‌

അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് തയാറാക്കിയ സിഐയെവരെ ചിരിപ്പിച്ച സംഭവം ഇങ്ങിനെയാണ്‌. 2010ൽ ഇരിട്ടിയിലെ ഒരു ജ്വല്ലറി ഉടമ കണ്ണൂരിൽ നിന്നും 6800 രൂപക്ക് ഒരു ഗണപതി പ്രതിമ വാങ്ങി വീട്ടിൽ കൊണ്ടു വയ്‌ക്കുന്നു. 2017 ൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ പൂജക്കെത്തിയ കർണാടക സ്വദേശിയായ പൂജാരി ഈ വിഗ്രഹം തനിക്ക് തരുമോ എന്ന് ചോദിച്ചു. വിഗ്രഹം ജൂവലറി ഉടമ പൂജാരിക്ക് കൈമാറുന്നു.

kauthuka varthakalപൂജാരി ഗണപതി പ്രതിമ വീട്ടിൽ കൊണ്ടുപോയി പൂജകൾ നടത്തി. ഗണപതി പ്രതിമ വീട്ടിൽ സ്‌ഥാപിച്ച ശേഷം ചില പ്രശ്‌നങ്ങൾ വീട്ടിൽ സംഭവിച്ചു. പുജാരി പ്രതിമ വീട്ടിൽ നിന്ന് എടുത്ത് വരാന്തയിൽ വച്ചു. രണ്ടാഴ്‌ച മുമ്പ് പഴയ സാധനങ്ങൾ എടുക്കാനായി വീട്ടിൽ എത്തിയ പുന്നാട് സ്വദേശി വിഗ്രഹം കാണുകയും അത് തനിക്കു തരുമോ എന്ന് ചോദിക്കുകയും ചെയ്‌തു. പൂജാരി സന്തോഷത്തോടെ വിഗ്രഹം ഇയാൾക്ക് കൈമാറി. അമൂല്യ വിഗ്രഹമാണെന്ന ധാരണയിൽ ഇയാൾ വിഗ്രഹം വീട്ടിലെത്തിക്കുകയും വീട്ടുകാർ ആരും കാണാതെ ചകരിക്കുള്ളിൽ ഒളിപ്പിച്ചു വെക്കുകയും ചെയ്‌തു.

ഇതിന്‌ ശേഷം വീട്ടിൽ പല പ്രശ്‌നങ്ങളും ഉണ്ടാവുകയും ഇയാളുടെ ഉറക്കം നഷ്‍ടപ്പെടുകയും ചെയ്‌തു. വിഗ്രഹം സൂക്ഷിച്ചതു മൂലമാണ് ഇതുണ്ടായതെന്ന വിശ്വാസത്തിൽ വിഗ്രഹം എവിടെയെങ്കിലും ഉപേക്ഷിക്കാൻ തീരുമാനിക്കുകയും അർദ്ധ രാത്രിയിൽ വാഹനത്തിൽ കയറ്റി കണ്ണൂർ ജില്ലയിലെ ഇരിട്ടിക്ക് സമീപമുള്ള പഴശി ജലാശയത്തിൽ ഉപേക്ഷിക്കുകയും ചെയ്‌തു.

kauthuka varthakal
Representational image

പുഴയിൽ നീരൊഴുക്കിൽ മാറ്റം വന്നപ്പോൾ വിഗ്രഹത്തിന്റെ ഒരു ഭാഗം മുകളിലേക്ക് ഉയർന്നു വരികയും നാട്ടുകാർ ഇത് കാണുകയും പോലീസ് കേസാകുകയും ചെയ്‌തു. ഇരിട്ടി പോലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം കർണാടക സ്വദേശിക്ക് തന്നെ തിരിച്ചു നൽകാനാണ് തീരുമാനം.

മലയാളത്തിലെ ക്ളാസിക്കൽ കോമഡി ചിത്രങ്ങളിലൊന്നായ ജൂനിയർ മാൻഡ്രേക്കിനെ ഓർമിപ്പിക്കുന്ന ഈ സംഭവത്തിലെ ഗണേശ വിഗ്രഹം ഇനി പോലീസ് സ്‌റ്റേഷനിൽ വല്ല കുഴപ്പവും സൃഷ്‌ടിക്കുമോ എന്ന ഭയത്തിലാണിപ്പോൾ പോലീസുകാരും നാട്ടുകാരും. ഒപ്പം, വിഗ്രഹം കർണാടക സ്വദേശി കൊണ്ടുപോകുമോ എന്ന ചോദ്യവും ബാക്കിയുമാകുന്നു.

MOST READ| സ്‌റ്റേഡിയത്തിന് ഇഷ്‌ടദാനമായി രണ്ടേക്കർ ഭൂമി; ഹൃദയം കവർന്ന് കാർത്യായനിയമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE