മലപ്പുറം: കായിക പ്രേമികളുടെ ഹൃദയം കവരുകയാണ് ചാലിയാർ പഞ്ചായത്തിലെ അകമ്പാടം കൊന്നോല കാർത്യായനിയമ്മ. മറ്റൊന്നും കൊണ്ടല്ല, നാട്ടിലെ കായിക പ്രേമികൾക്ക് ഈ അമ്മ നൽകിയ പുണ്യ പ്രവൃത്തി കൊണ്ടാണ്. ഒരുപക്ഷേ കേരള ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇത്രയും വിലകൂടിയ ഒരു ഇഷ്‌ടദാനം ഉണ്ടാവുന്നത്. നാടിന് സ്‌റ്റേഡിയം പണിയാനായി സ്വന്തം പേരിലുള്ള 2.2 കോടി രൂപ വിലവരുന്ന രണ്ടേക്കർ ഭൂമിയാണ് കാർത്യായനിയമ്മ ഇഷ്‌ടദാനമായി നൽകിയത്.
മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തുകാർക്കാണ് ഈ ബംമ്പറടിച്ചത്. സ്‌ഥലം വിട്ടു കൊടുക്കുമ്പോൾ ഒരു ഉപാധി മാത്രമേ കാർത്യായനിയമ്മക്ക് ഉണ്ടായിരുന്നുള്ളു. സ്‌റ്റേഡിയം ഭർത്താവിന്റെ പേരിലായിരിക്കണം. പരേതനായ അപ്പുണ്ണി നായരാണ് കാർത്യായനിയമ്മയുടെ ഭർത്താവ്. അമ്മയുടെ ആവശ്യത്തിന് നാട്ടുകാർക്കും എതിർപ്പുണ്ടായില്ല. ഇതോടെ, കാർത്യായനിയമ്മക്ക് ഒരു കോടി പുണ്യം കിട്ടട്ടെയെന്ന പ്രാർഥനയിലാണ് ചാലിയാർ പഞ്ചായത്തുകാർ.
കാർത്യായനിയമ്മയുടെ പേരിൽ അകമ്പാടം അങ്ങാടിയിൽ 80 സെന്റ് ഭൂമിയുണ്ടായിരുന്നു. പ്രദേശത്തെ കുട്ടികളുടെയും മറ്റു കായികപ്രേമികളുടെയും കളിസ്‌ഥലമായിരുന്നു ഇത്. അപ്പുണ്ണി നായർ സമ്മതം നൽകിയതുമാണ്. 2021ൽ അപ്പുണ്ണി നായർ മരിച്ചതോടെ ഈ സ്‌ഥലം വിൽക്കാൻ തീരുമാനിച്ചു. ഇതോടെ കായികപ്രേമികളും പഞ്ചായത്തും ഒരേപോലെ ആശങ്കയിലായി. നാട്ടുകാരുടെ വിഷമവും, കുട്ടി താരങ്ങളുടെ ആശങ്കയും, ഭർത്താവ് അനുവാദം നൽകിയ ഭൂമി വിട്ടുകൊടുക്കുന്നതിന്റെ സങ്കടവും ഈ അമ്മയെ പ്രതിസന്ധിയിലാക്കി.
ഇതോടെ, കാർത്യായനിയമ്മ ഒരു കാര്യം തീരുമാനിച്ചു. ഈ സ്‌ഥലം വിറ്റുകിട്ടുന്ന പണത്തിന്റെ ഒരു വിഹിത്തിൽ നിന്ന് മറ്റൊരു കളിസ്‌ഥലം വാങ്ങി നൽകാമെന്ന ധാരണയിൽ എത്തുകയായിരുന്നു. അമ്മയുടെ തീരുമാനത്തിന് മക്കളായ ഉഷാ ദേവി, അനിൽ കുമാർ, സേതുമാധവൻ, സിന്ധു, സന്ദീപ് എന്നിവർക്കും എതിർപ്പ് ഉണ്ടായിരുന്നില്ല. അങ്ങനെ കഴിഞ്ഞ വർഷം അകമ്പാടം അങ്ങാടിയിലെ 80 സെന്റ് സ്‌ഥലം വിൽക്കുകയും സമീപത്ത് തന്നെ രണ്ടേക്കർ ഭൂമി വാങ്ങുകയും ചെയ്‌തു.
പിന്നാലെ കഴിഞ്ഞ മെയ് മാസത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ അത് ഇഷ്‌ടദാനം നൽകുകയും ചെയ്‌തു. ഇന്നലെയാണ് കാർത്യായനിയമ്മയിൽ നിന്ന് സ്‌ഥലത്തിന്റെ ആധാരം പികെ ബഷീർ എംഎൽഎ ഏറ്റുവാങ്ങിയത്. നാട്ടുകാർക്ക് പായസം നൽകിയാണ് പ്രദേശത്തെ ക്ളബുകൾ ഈ സന്തോഷം പങ്കിട്ടത്. നാട്ടുകാരുടെ സന്തോഷം കാണുമ്പോൾ കാർത്യായനിയമ്മക്കും നിറഞ്ഞ ചിരിയാണ്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!