ശ്രീനഗർ: ജമ്മു കശ്‌മീർ ജില്ലാ വികസന സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്‌ച വെച്ച് ഗുപ്‍കർ സഖ്യം. കോൺഗ്രസും ഗുപ്‍കർ സഖ്യവും ചേർന്ന് 13 ജില്ലകളിൽ ഭരണം ഉറപ്പിച്ചു. ബിജെപിക്ക് 6 ജില്ലകളിൽ മാത്രമാണ് വിജയം. ജമ്മു മേഖലയിലാണ് ബിജെപി മുന്നേറിയത്.
ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്‌തതിന് ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. ഫാറൂഖ് അബ്‌ദുള്ളയുടെ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്‌തിയുടെ പിഡിപി തുടങ്ങി സംസ്‌ഥാനത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടികൾ ചേർന്നാണ് ഗുപ്‍കർ സഖ്യം രൂപീകരിച്ചത്.
ജില്ലാ വികസന സമിതികളിൽ ആകെ 280 സീറ്റുകളിൽ നൂറിലധികം സീറ്റുകളിൽ വിജയം നേടാൻ സഖ്യത്തിന് സാധിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷി 74 സീറ്റുകൾ നേടിയ ബിജെപിയാണ്. 26 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചു. 20 ജില്ലകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 25 ദിവസങ്ങളിൽ 8 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെടുപ്പ്.
ഒരു ജില്ലയിലെ ഫലം പൂർണമായും പുറത്ത് വന്നിട്ടില്ല. ജമ്മു മേഖലയിൽ ബിജെപി 71 സീറ്റുകളിൽ വിജയം നേടിയപ്പോൾ ഗുപ്‍കർ സഖ്യം 35ഉം കോൺഗ്രസ് 17ഉം സീറ്റുകളിൽ ജയിച്ചു. വിജയാഘോഷങ്ങളിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്‌ദുള്ള, മെഹബൂബ മുഫ്‌തി എന്നിവർ പങ്കെടുത്തിരുന്നില്ല.
Also Read: കർഷക പ്രക്ഷോഭത്തിന് പിന്തുണ; കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച് നാളെ