ന്യൂഡെൽഹി: ഹരിയാന, ജമ്മു കശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. ഹരിയാനയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്‌തമായ ലീഡ് പുലർത്തിയിരുന്ന കോൺഗ്രസ് രണ്ടാം മണിക്കൂറിൽ കുത്തനെ കുറഞ്ഞു.
ജമ്മു കശ്‌മീരിൽ കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻ മുന്നേറ്റമാണ് കാണുന്നത്. ഹരിയാനയിൽ കോൺഗ്രസ്-40, ബിജെപി- 43, മറ്റുള്ളവ-7 എന്നിങ്ങനെയാണ് നിലവിലെ ലീഡ് നില. കോൺഗ്രസ് മുന്നിലായിരുന്നപ്പോൾ എഐസിസി ആസ്‌ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. നിൽവിൽ ലീഡ് നില മാറിമറിയുന്നതിനാൽ കോൺഗ്രസ് ആസ്‌ഥാനത്ത് ആശങ്കയുടെ നിഴൽ പടരുകയാണ്. എഐസിസിയിലെ ആഘോഷം നിർത്തിവെച്ചു.
തിരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ ജമ്മു കശ്‌മീരിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. ജമ്മു കശ്‌മീരിൽ നാഷണൽ സഖ്യത്തിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. എൻസി 38 സീറ്റിലും ബിജെപി 28 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് ഏഴ് സീറ്റിലാണ് മുന്നിലുള്ളത്. എൻസിയുടെ ഒമർ അബ്‌ദുല്ലയും പിഡിപിയുടെ മെഹ്ബൂബ മുഫ്‌തിയും രണ്ടിടങ്ങളിലും മുന്നിലാണ്.
രണ്ടിടങ്ങളിലെയും നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടിനാണ് ആരംഭിച്ചത്. ഹരിയാനയിൽ കോൺഗ്രസ് തൂത്തുവാരുമെന്നും ജമ്മു കശ്‌മീരിൽ തൂക്കുസഭയാണെന്നുമുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾക്കിടെയാണ് യഥാർഥ ഫലം പുറത്തുവരുന്നത്. രണ്ടിടങ്ങളിലും ബിജെപിയും ഇന്ത്യ സഖ്യവും പ്രതീക്ഷയിലാണ്.
രണ്ടിടത്തും 90 വീതമാണ് നിയമസഭാ സീറ്റുകൾ. ഒറ്റഘട്ടമായി നടന്ന ഹരിയാന 67.90 ശതമാനം പോളിങ്ങും മൂന്ന് ഘട്ടമായി നടന്ന ജമ്മു കശ്‌മീർ തിരഞ്ഞെടുപ്പിൽ 63.45 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. ഹരിയാനയിൽ കോൺഗ്രസ് വലിയ പ്രതീക്ഷയിലാണ്. കർണാടക പ്രക്ഷോഭം, ഗുസ്‌തി താരങ്ങളും പ്രതിഷേധം, ഏറ്റവുമൊടുവിൽ അമിത് ഷായുടെ യോഗത്തിൽ നിന്നിറങ്ങി കോൺഗ്രസിൽ വന്നുകയറിയ അശോക് തൻവറിന്റെ നീക്കമടക്കം തിരിച്ചടിയാകാൻ സാധ്യതയുള്ള പല ഘടകങ്ങളും ബിജെപിക്ക് മുന്നിലുണ്ടെന്നാണ് വിലയിരുത്തൽ.
ജമ്മു കശ്‌മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് മുന്നേറ്റമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്. സീറ്റെണ്ണത്തിൽ കുറവുണ്ടായാൽ അത് പരിഹരിക്കാൻ സഖ്യത്തിലേക്ക് പിഡിപിയെ നാഷണൽ കോൺഫറൻസ് ക്ഷണിച്ചത് ശ്രദ്ധേയമാണ്. തൂക്കുസഭയ്‌ക്ക് സാധ്യത തെളിഞ്ഞാൽ സ്വതന്ത്രൻമാരുടെ നിലപാടും, അഞ്ചു അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാനുള്ള ലഫ്. ഗവർണറുടെ സവിശേഷാധികാരവും നിർണായകമാകും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!