ടോക്യോ: മാരകമായ നിപ്പ വൈറസിനെതിരെ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി ജപ്പാൻ. ടോക്യോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരാണ് വാക്‌സിൻ വികസിപ്പിച്ചത്. വരുന്ന ഏപ്രിൽ മാസത്തോടെ ക്ളിനിക്കൽ ട്രയൽ തുടങ്ങുമെന്ന് ജപ്പാൻ ആസ്‌ഥാനമായുള്ള നിക്കെയ് ഏഷ്യ മാഗസിൻ റിപ്പോർട് ചെയ്‌തു.
ബെൽജിയത്തിലാണ് മനുഷ്യരിലുള്ള ക്ളിനിക്കൽ ട്രയലിന് തുടക്കമിടുക. നിലവിൽ നിപ്പ വൈറസിനെ തുരത്താൻ ലൈസൻസുള്ള വാക്‌സിനോ പ്രത്യേക ചികിൽസയോ ലഭ്യമല്ല. ജനുവരിയിൽ പശ്‌ചിമബംഗാളിൽ രണ്ടുപേർക്ക് നിപ്പ സ്‌ഥിരീകരിക്കുക കൂടി ചെയ്‌ത പശ്‌ചാത്തലത്തിലാണ് പുതിയ വാർത്തയുടെ വരവ്.
നിപ്പാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസിൽസ് വൈറസിലേക്ക് ചേർത്താണ് പുതിയ വാക്‌സിൻ വികസിപ്പിക്കുന്നതെന്നാണ് വിവരം. മനുഷ്യരിൽ വാക്‌സിൻ പ്രവേശിക്കുമ്പോൾ നിപ്പാ വൈറസിന് സമാനമായ ആന്റിജെൻ പ്രോട്ടീൻ ഉൽപ്പാദിപ്പിക്കപ്പെടും. ഇത് യഥാർഥ വൈറസിനെ തിരിച്ചറിയാൻ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയും രോഗതീവ്രത കുറയ്‌ക്കാനും രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.
നേരത്തെ എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്‌സിന്റെ ഫലപ്രാപ്‌തിയും സുരക്ഷയും തെളിയിച്ചതാണെന്ന് വാക്‌സിൻ വികസിപ്പിച്ച ഗവേഷകർ പറഞ്ഞു. മനുഷ്യരിലെ പരീക്ഷണത്തിന്റെ ഭാഗമായി ഒന്നാംഘട്ടത്തിൽ 60 പേരെയാണ് ഉൾപ്പെടുത്തുക.
രണ്ടാംഘട്ട ക്ളിനിക്കൽ ട്രയലിലുള്ള ഈ വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമാകുന്നത് 18നും 55നും ഇടയിൽ പ്രായമുള്ള 300 പേരാണ്. ജപ്പാനെ കൂടാതെ നിപ്പയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓക്‌സ്‌ഫഡ് സർവകലാശാലയിൽ നിന്നുള്ള ഒരുകൂട്ടം ഗവേഷകർ.
എന്താണ് നിപ്പ വൈറസ്?
ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍എന്‍എ വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്‌തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന വഴിയാണ് രോഗം സ്‌ഥിരീകരിക്കുന്നത്.
Most Read| മണിപ്പൂരിൽ രാഷ്‍ട്രപതി ഭരണം പിൻവലിച്ചു; ബിജെപി സർക്കാർ അധികാരത്തിൽ





































