കൊച്ചി: അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്ക് ജോർജിന് വേണ്ടി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കാൻ പോലീസ്. ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് പോലീസിന്റെ നീക്കം.
ഫെബ്രുവരി 28ആം തീയതിയാണ് പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ജസ്ലിയയെ സിറിയക്ക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടശേഷം സിറിയക് കാർ നിർത്താതെ പോയി. അപകടത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടും പ്രതിയെ പിടികൂടുന്നതിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു.
പിന്നീട് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ചാലാക്ക മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശി സിറിയക്കും സഹപാഠി അക്ഷയ്യുമാണ് കാറിൽ ഉണ്ടായിരുന്നത്. സിറിയക്ക് ആണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വാഹനവും പിടിച്ചെടുത്തു.
അതിനിടെ, അക്ഷയ് ബുധനാഴ്ച അങ്കമാലി പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോം വിദ്യാർഥിനിയായ ജസ്ലിയ സ്പോർട്സിലും മികവ് പുലർത്തിയിരുന്നു. ചികിൽസയിലായിരുന്ന ജസ്ലിയ ചൊവ്വാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. പിന്നാലെ അവയവങ്ങൾ ദാനം ചെയ്തിരുന്നു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്മയമായി മഹർലൂ തടാകം






































