കൊച്ചി: മഞ്ഞപ്പിത്ത വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ വേങ്ങൂർ പഞ്ചായത്ത് അധികൃതർ ഇന്ന് മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയേക്കും. ആരോഗ്യ, തദ്ദേശ വകുപ്പുകളുടെ മന്ത്രിമാർ അടക്കമുള്ളവരുമായി കൂടിക്കാഴ്‌ച നടത്തുന്നതിന് വേങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് ശിൽപ്പ സുധീഷും മറ്റുള്ളവരും തിരുവനന്തപുരത്ത് എത്തി.
പഞ്ചായത്തിലെ മഞ്ഞപ്പിത്ത ബാധയെക്കുറിച്ച് ജില്ലാ കളക്‌ടർ മജിസ്‌റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നിലവിൽ 208 പേർക്കാണ് പഞ്ചായത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുള്ള മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്. 42 പേർ വിവിധ ആശുപത്രിയിലാണ്. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.
ആശുപത്രിയിൽ കഴിയുന്നവർക്ക് ധനസഹായം ഉറപ്പാക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ പഞ്ചായത്ത് അധികൃതർ നേരത്തെ സർക്കാരിന് മുന്നിൽ വെച്ചിരുന്നതാണ്. ഇക്കാര്യത്തിൽ ജില്ലാ കളക്‌ടർ മൂന്ന് ദിവസം മുമ്പാണ് സർക്കാറിന് റിപ്പോർട് കൈമാറിയത്. ലക്ഷക്കണക്കിന് രൂപയാണ് ഇവരൊരുത്തർക്കും ചികിൽസാ ഇനത്തിൽ മുടക്കേണ്ടി വരുന്നത്. പലരും വാഹനങ്ങളും വളർത്ത് മൃഗങ്ങളെയും സ്‌ഥലവും വിറ്റാണ് ചികിൽസ നടത്തുന്നത്. ചികിൽസയിൽ ഉള്ളവരെ സഹായിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സഹായനിധി രൂപീകരിച്ചിട്ടുണ്ട്.
Most Read| കോവിഷീൽഡിന് പിന്നാലെ കോവാക്‌സിനും പാർശ്വഫലമുണ്ടെന്ന് പഠനം