ന്യൂഡെൽഹി: സിനിമാ മേഖല മയക്കുമരുന്നിന് അടിമയാണെന്ന നടനും ബിജെപി എംപിയുമായ രവി കിഷന്റെ പ്രസ്‌താവനക്കെതിരെ പൊട്ടിത്തെറിച്ച് സമാജ് വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ. ചില വ്യക്തികൾ ഇത്തരക്കാരാണെന്ന് കരുതി മുഴുൻ സിനിമാ മേഖലയേയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ജയ ബച്ചൻ പാർലമെന്റിൽ പറഞ്ഞു.
“കുറച്ച് ആളുകൾ കാരണം, നിങ്ങൾക്ക് സിനിമാ മേഖലയെ മുഴുവൻ കളങ്കപ്പെടുത്താൻ കഴിയില്ല … ഇന്നലെ ലോക്‌സഭയിലെ ഒരംഗം, അതും സിനിമാ മേഖലയിൽ തന്നെയുള്ള വ്യക്തി, ആ മേഖലെയെ മുഴുൻ കളങ്കപ്പെടുത്തി സംസാരിച്ചതിൽ ഞാൻ ലജ്ജിച്ചു, പാലു തന്ന കൈക്ക് കൊത്തുന്ന പ്രവർത്തിയാണ് അദ്ദേഹം ചെയ്‌തത്,”- ജയ ബച്ചൻ പറഞ്ഞു.
Entertainment News: നീറ്റ് പരീക്ഷ വിവാദം; സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർച്ച നേരിടുകയും തൊഴിലില്ലായ്‌മ ഏറ്റവും രൂക്ഷമായ അവസ്ഥയിൽ എത്തി നിൽക്കുകയും ചെയ്യുന്ന സമയത്ത് ലഹരി മരുന്ന് കേസിൽ സോഷ്യൽ മീഡിയയുടെ പിന്തുണയേയും സിനമാ മേഖലക്ക് സർക്കാർ പിന്തുണ നൽകാത്തതും ചൂണ്ടിക്കാട്ടി ജന ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പി എം.പിമാർ ചെയ്യുന്നതെന്നും ജയ ബച്ചൻ ചൂണ്ടിക്കാട്ടി.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ സിനിമാ മേഖലയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നതായി നടനും ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപിയുമായ രവി കിഷൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കളെ നശിപ്പിക്കാനുള്ള പാകിസ്ഥാന്റേയും ചൈനയുടേയും ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.