കാസര്‍ഗോഡ്: എംസി കമറുദ്ധീന്‍ എംഎല്‍എയെ പ്രതി ചേര്‍ത്ത ജ്വല്ലറി തട്ടിപ്പ് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്‌റ്റർ ചെയ്‌ത ചന്തേര പോലീസില്‍ നിന്നും ഇഡി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
തട്ടിപ്പ് നടത്തിയതായി കരുതുന്ന ഫാഷന്‍ ജ്വല്ലറിയുടെ കമ്പനി ഡയറക്റ്റര്‍മാരുടെ വിവരങ്ങള്‍ ഇഡി ശേഖരിച്ചു. 42 പേരുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അമ്പതോളം കേസുകളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ളത്.
എംസി കമറുദ്ധീന്‍ എംഎല്‍എയുടെ പേരില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ ആദ്യ ഘട്ടത്തില്‍ ലീഗ് നേതൃത്വം നടപടിയെടുക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട് വിവാദം കനത്തതോടെ എംഎല്‍എയെ യുഡിഎഫ് കാസര്‍ഗോഡ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ 6 മാസത്തിനകം ഇടപാടുകളെല്ലാം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ റിപ്പോർട്ട് ലീഗ് സംസ്ഥാന നേതൃത്വത്തിന് കല്ലട മാഹിന്‍ ഹാജി ഇന്ന് നല്‍കും.
Read Also: ലൈഫ് മിഷന്‍; സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും