തിരുവനന്തപുരം: ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ കൂലി നൽകിയില്ലെങ്കിൽ പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള തുകയുടെ 0.05% വീതം ദിനംപ്രതി തൊഴിലാളിക്ക് നഷ്‌ടപരിഹരം നല്‍കാൻ ചട്ടം വരുന്നതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എംബി രാജേഷ്.
ആയിരം രൂപ ഒരു തൊഴിലാളിക്ക് ലഭിക്കാനുണ്ടങ്കിൽ, അതിന് ദിവസം 50 പൈസ നഷ്‌ടപരിഹാരം ലഭിക്കും വിധമാണ് വ്യവസ്‌ഥ. അഥവാ ആയിരം രൂപ ഒരുമാസമായി തൊഴിലാളിക്ക് നൽകിയിട്ടില്ലങ്കിൽ 15 രൂപ നഷ്‌ടപരിഹാരമായി ലഭിക്കും. ഒന്നുകൂടി വിശദമായി പറഞ്ഞാൽ, പതിനായിരം രൂപ ‘തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളിക്ക്’ ലഭിക്കാൻ ഉണ്ടങ്കിൽ ഒരു മാസത്തേക്ക് 150 രൂപ നഷ്‌ടപരിഹാരമായി ലഭിക്കും എന്നതാണ് വരാനിരിക്കുന്ന വ്യവസ്‌ഥ.
15 ആം ദിവസവും നഷ്‍ടപരിഹാരം ഉൾപ്പടെ ഈ തുക തൊഴിലാളിക്ക് ലഭിച്ചില്ലെങ്കിൽ 16ആം ദിവസം മുതൽ നഷ്‌ടപരിഹാര തുകയുടെ 0.05 ശതമാനവും ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. അതായത് നഷ്‌ടപരിഹാരമായി ലഭിക്കാനുള്ളത് ആയിരം രൂപയാണ് എങ്കിൽ അതിന് ഒരു മാസത്തേക്ക് 15 രൂപ കൂടി ലഭിക്കും. എന്നാൽ, ഇത് എത്ര കാലത്തേക്ക് എന്നതിന് വിശദീകരണമായിട്ടില്ല.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുളുടെ ഭാഗമാണ് ഈ തീരുമാനം. സംസ്‌ഥാന തൊഴിലുറപ്പ് ഫണ്ടില്‍നിന്നാണ് നഷ്‍ടപരിഹാര തുക അനുവദിക്കുക. വേതനം വൈകുന്നതിന് കാരണക്കാരായ ഉദ്യോഗസ്‌ഥരുടെ ശമ്പളത്തില്‍നിന്ന് ഈ തുക ഈടാക്കും.- മന്ത്രി വിശദീകരിച്ചു.
എന്നാൽ, പ്രകൃതിദുരന്ത സാഹചര്യം, ഫണ്ട് ലഭ്യമല്ലാതിരിക്കുക തുടങ്ങിയ ഘട്ടങ്ങളില്‍ നഷ്‌ടപരിഹാരം ലഭിക്കില്ല. ഒരു പ്രവൃത്തി പൂര്‍ത്തിയാക്കിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ തുക നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചട്ടം വ്യവസ്‌ഥ ചെയ്യുന്നുണ്ട്.
Most Read: ബാബരി കേസ്; പ്രതികളെ കുറ്റമുക്‌തരാക്കിയ വിധിക്കെതിരായ അപ്പീല്‍ തള്ളി








































