ടോക്യോ: ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി അശ്വാഭ്യാസത്തിൽ സ്വർണമെഡൽ നേടി വനിതാ താരം. ജർമനിയുടെ ജൂലിയ ക്രയേവ്സ്കിയാണ് പുരുഷ താരങ്ങളെയെല്ലാം പിന്നിലാക്കി സ്വർണമെഡൽ സ്വന്തമാക്കിയത്. ഗ്രേറ്റ് ബ്രിട്ടണിന്റെ ടോം മക്ഈവൻ വെള്ളിയും ഓസീസ് താരം ആൻഡ്രൂ ഹോയ് വെങ്കലവും നേടി.
പുരുഷ, വനിതാ താരങ്ങൾ പരസ്പരം മൽസരിക്കുന്ന ഒരേയൊരു ഒളിമ്പിക് ഇവന്റാണ് അശ്വാഭ്യാസം. 1952 ഹെൽസിങ്കി ഒളിമ്പിക്സ് മുതലാണ് സ്ത്രീകൾക്ക് അശ്വാഭ്യാസത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. പിന്നീട് 1964 ടോക്യോ ഒളിമ്പിക്സിലാണ് ആദ്യമായി സ്ത്രീകൾ അശ്വാഭ്യാസത്തിൽ പങ്കെടുത്തത്. അമേരിക്കയുടെ ലാന ഡു പോണ്ട് ആയിരുന്നു ഈയിനത്തിലെ ആദ്യ വനിതാ താരം.

അതേസമയം 2016 റിയോ ഒളിമ്പിക്സിൽ ടീം ഇനത്തിലെ വെള്ളിമെഡൽ ജേതാവ് കൂടിയാണ് ജൂലിയ. ഈ വർഷാരംഭത്തിൽ ജൂലിയയുടെ പിതാവ് മരണപ്പെട്ടിരുന്നു. തുടർന്ന് ജൂലിയ ഒളിമ്പിക്സിനെത്തുമോ എന്നതടക്കം സംശയമായിരുന്നു. എന്നാൽ, മൽസരിക്കാൻ തീരുമാനിച്ച താരം അവിസ്മരണീയ റെക്കോർഡ് സ്വന്തമാക്കിയാണ് മടങ്ങുന്നത്.
Most Read: അല്ലു അര്‍ജുന്റെ ‘പുഷ്പ’; ആദ്യഭാഗം ഡിസംബറില്‍; റിലീസ് പ്രഖ്യാപിച്ചു









































