തിരുവനന്തപുരം: കെ. ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ആയേക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ നിർദ്ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് നിർദ്ദേശിച്ചതെന്നാണ് വിവരം.
ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രതിരോധത്തിൽ ആയിരിക്കുന്ന സമയത്താണ് ദേവസ്വം ബോർഡിന്റെ തലപ്പത്തേക്ക് രാഷ്‌ട്രീയ നേതാക്കളെ ഒഴിവാക്കി മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിക്കാൻ സർക്കാർ ആലോചിക്കുന്നത്.
മുൻ ചീഫ് സെക്രട്ടറിയും ജനങ്ങൾക്ക് സ്വീകാര്യനുമായ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥനെ ദേവസ്വം ബോർഡ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ജനങ്ങളുടെ ആശങ്കകൾക്ക് ചെറിയ തോതിലെങ്കിലും ശമനം കൊണ്ടുവരാം എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. ഇന്ന് ചേർന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്.
അതിൽ കെ. ജയകുമാറിന്റെ പേരിനാണ് പ്രഥമപരിഗണന ലഭിച്ചത് എന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം അദ്ദേഹത്തിന്റെ പേരിനാണ് മുൻതൂക്കം നൽകിയതെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം നാളെത്തന്നെ ഉണ്ടാകും. അധികം വൈകാതെ ഉത്തരവിറങ്ങും എന്നാണ് വിവരം.
ദീർഘകാലം ശബരിമല ഹൈ പവർ കമ്മിറ്റിയുടെ ചെയർമാനായിരുന്നു കെ. ജയകുമാർ. 2006ൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡണ്ടിനെ ഓർഡിനൻസിലൂടെ പിരിച്ചുവിട്ട സാഹചര്യത്തിൽ ജയകുമാറിനെ ഇടക്കാലത്തേക്ക് ശബരിമല സ്‌പെഷ്യൽ കമ്മീഷണർ എന്നൊരു പദവിയിലേക്ക് കൊണ്ടുവന്നിരുന്നു.
ഇതുകൂടാതെ രണ്ടുതവണ കൂടി അദ്ദേഹം സ്‌പെഷ്യൽ കമ്മീഷണറായി ശബരിമലയിൽ എത്തിയിട്ടുണ്ട്. മാത്രമല്ല, ശബരിമല മാസ്‌റ്റർ പ്ളാൻ കമ്മിറ്റിയുടെ ചെയർമാനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ പദവികളിലും പദ്ധതികളിലുമായി ദീർഘകാലത്തോളം അദ്ദേഹം ജോലി ചെയ്‌തിട്ടുണ്ട്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി








































