തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടക്കുന്ന കെപിസിസി- യുഡിഎഫ് നേതൃയോഗങ്ങളിൽ നിന്ന് കെ മുരളീധരൻ വിട്ടുനിൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോഗങ്ങളാണ് ഇന്ന് ചേരുന്നത്. മുരളീധരൻ തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും അദ്ദേഹം യോഗത്തിൽ പങ്കെടുക്കില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് മുരളീധരൻ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം. നേരത്തെ, മൽസരിച്ചിരുന്ന വട്ടിയൂർക്കാവിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുമായി പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്.
തൃശൂരിലെ തോൽവിക്ക് പിന്നാലെ, പൊതുരംഗത്ത് നിന്ന് തൽക്കാലം വിട്ടുനിൽക്കുകയാണെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. മുരളിയെ അനുനയിപ്പിക്കാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നേരിട്ടെത്തി ചർച്ച നടത്തിയെങ്കിലും അനുനയത്തിന് മുരളീധരൻ തയ്യാറായിരുന്നില്ല.
അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന വിശാല നേതൃയോഗമായതിനാൽ നേതാക്കൾ തമ്മിലുള്ള അതൃപ്തി പരസ്യമാകുന്ന വേദികൂടിയാകും ഇത്. തൃശൂരിലെയും പാലക്കാട്ടെയും തോൽവി സംബന്ധിച്ച വിമർശനങ്ങൾ യോഗത്തിൽ ഉയർന്നുവരും.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!