തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവനയിൽ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്‍ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് താൻ പഠിച്ചിട്ടുള്ളത് എന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നും ആയിരുന്നു കടകംപള്ളിയുടെ മറുപടി. താന്‍ തൊഴിലാളിവര്‍ഗ സാംസ്‌കാരത്തില്‍ വളര്‍ന്നു വന്ന വ്യക്‌തിയാണെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
കഴക്കൂട്ടം മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു കടകംപള്ളിക്കെതിരെ ശോഭാ സുരേന്ദ്രൻ വിവാദ പ്രസ്‌താവന നടത്തിയത്. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതനയുടെ അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്. പൂതനാ മോക്ഷം ഉണ്ടാവുമെന്നും ശോഭ പറഞ്ഞിരുന്നു. വിവാദമായ ശേഷവും പ്രസ്‌താവനയിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്റെ നിലപാട്.
Read also: കടകംപള്ളിക്ക് എതിരായ ‘പൂതന’ പരാമർശം തിരുത്തില്ലെന്ന് ശോഭാ സുരേന്ദ്രൻ





































