ന്യൂ ഡെൽഹി: ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ച് പ്രസ്‌താവന നടത്തിയതിന്റെ പേരിൽ കങ്കണ റണൗട്ടിനെതിരെ നൽകിയ ഹരജി തള്ളി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ചുള്ള നടിയുടെ ട്വീറ്റിനെതിരെയായിരുന്നു ഹരജി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ലുധിയാന സ്വദേശി നവനീത് ഗോപിയാണ് കങ്കണക്കെതിരെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ ഹരജി നൽകിയത്.

എന്നാൽ, ഹരജി അവ്യക്തവും തെറ്റിദ്ധാരണയുടെ ഫലമായി ഉണ്ടായതാണെന്നും ജസ്റ്റിസ് മനോജ് ബജാജ് പറഞ്ഞു. കങ്കണ ഗോമാംസം കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതായി ഒരു പോസ്റ്റിലും കണ്ടെത്താൻ ആയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. താൻ സസ്യബുക്കാണെന്ന് നടിയുടെ പോസ്‌റ്റിൽ ഉണ്ടെന്നും മറ്റൊരു പോസ്‌റ്റിൽ, ഇന്ത്യയിലും വിദേശത്തുമുള്ള ഭക്ഷ്യ വ്യത്യാസങ്ങളെക്കുറിച്ച് കങ്കണ ചർച്ച ചെയ്യുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കങ്കണയും ശിവസേനയുമായി തർക്കങ്ങൾ രൂക്ഷമായിരിക്കെയാണ് ബിജെപി സർക്കാർ കൊണ്ടുവന്ന ഗോവധ നിരോധനത്തെ എതിർത്തുകൊണ്ടുള്ള പ്രസ്‌താവനയിൽ കോടതി ക്ലീൻ ചിറ്റ് നൽകുന്നത് എന്നതാണ് ശ്രദ്ധേയം. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച നടിക്കെതിരെ മഹാരാഷ്ട്രയിൽ ശിവസേന പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ബിജെപി കങ്കണയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
Also Read: കോവിഡ് കാലത്തും സൈബര്‍ തട്ടിപ്പുകള്‍ രൂക്ഷം; അജിത് ഡോവല്‍