കണ്ണൂർ: സിപിഐ യുവ നേതാവ് കനയ്യകുമാർ കോൺഗ്രസിലേക്കെന്ന വാർത്തയോട് പ്രതികരിച്ച് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ. കനയ്യ കുമാർ പാർട്ടി വിടുമെന്ന് പറയുന്നവർ രാഹുൽ ഗാന്ധി തിരിച്ചു സിപിഐയിലേക്ക് വരുമെന്ന് പറയാത്തതെന്തെന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ.
‘കനയ്യകുമാറിനെ ഡെൽഹിയിൽ വെച്ചു കണ്ടപ്പോൾ ഇക്കാര്യം സംസാരിച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്നാണ് കനയ്യ പറയുന്നത്. ഈ വരുന്ന മാസം രണ്ടു മുതൽ സിപിഐ ദേശീയ കൗൺസിൽ യോഗം ചേരുന്നുണ്ട്. അന്ന് ഈ വിഷയം ചർച്ച ചെയ്യും’- പന്ന്യൻ പറഞ്ഞു. ഇന്ത്യയിലെ മതേതര പാർട്ടികളിലൊന്നിന്റെ നേതാവാണ് രാഹുൽ. അദ്ദേഹവുമായി കനയ്യകുമാർ ചർച്ച നടത്തിയതിൽ തെറ്റില്ലെന്നും പന്ന്യൻ പറഞ്ഞു.
സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡണ്ടുമായ കനയ്യ കുമാര്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്നാണ് കനയ്യകുമാര്‍ സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോവുന്നതായുള്ള അഭ്യൂഹങ്ങള്‍ ശക്‌തിപ്പെട്ടത്. ഇത്തരം അപവാദ പ്രചരണങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താന്‍ കഴിയില്ല എന്നായിരുന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഒക്‌ടോബറില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കനയ്യ പങ്കെടുക്കുമെന്നും കാനം വ്യക്‌തമാക്കിയിരുന്നു.
Read also: ‘എഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം’; ശശി തരൂർ