പട്‌ന: ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇരുവരെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ കനയ്യ അനിഷ്‌ടം പ്രകടപ്പിക്കുകയായിരുന്നു. തുടർന്ന് നിരവധിപേരാണ് സോഷ്യല്‍മീഡിയയില്‍ കനയ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
നിങ്ങളുടെ സൗഹൃദത്തിന്റെ ആവശ്യം ഉമറിനില്ല, ദയവ് ചെയ്‌ത് ബിജെപിയിലോ ആര്‍എസ്എസിലോ ചേരൂ, അങ്ങനെയാണെങ്കില്‍ മതേതരനാണെന്ന് ഇനിയും നിങ്ങള്‍ക്ക് അഭിനയിക്കേണ്ടി വരില്ല, എന്നാണ് സഫൂറ സര്‍ഗാര്‍ പറഞ്ഞത്. ഇത്തരം അവസരവാദിയായ, ഭീരുവായ ഒരുത്തന്‍ ഉമര്‍ ഖാലിദിന്റെ സൗഹൃദം അര്‍ഹിക്കുന്നില്ല എന്നാണ് ട്വിറ്ററില്‍ വന്ന മറ്റൊരു പ്രതികരണം.
2016ല്‍ ജെഎന്‍യു ക്യാംപസിൽ വെച്ച് കനയ്യ കുമാര്‍ അറസ്‌റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഷര്‍ജില്‍ ഇമാമും ഉമര്‍ ഖാലിദും ചേർന്നാണ് കനയ്യക്ക് വേണ്ടി ക്യാംപയിനും പ്രതിഷേധവും നടത്തിയത്. ഇപ്പോള്‍ കനയ്യ സുഹൃത്തായിരുന്ന ഉമര്‍ ഖാലിദിനെ ഓര്‍ക്കുന്നുപോവുമില്ല എന്നാണ് മറ്റൊരു ട്വീറ്റ്.
ബിഹാറിലെ ശിവനില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ ഇരുവരേയും കുറിച്ചുള്ള റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ‘മീരാന്‍ ഹൈദര്‍ എന്റെ പാര്‍ട്ടിക്കാരനാണോ?’ എന്നാണ് കനയ്യ ചോദിക്കുന്നത്. രാഷ്‌ട്രീയ ജനതാദളിനൊപ്പമാണെന്ന് റിപ്പോര്‍ട്ടര്‍ കനയ്യ കുമാറിനോട് പറഞ്ഞപ്പോള്‍ ‘പിന്നെ എന്തിനാണ് നിങ്ങള്‍ അയാളെക്കുറിച്ച് എന്നോട് ചോദിക്കുന്നത്?’ എന്ന് കനയ്യ ചോദിക്കുന്നുണ്ട്. ഉമര്‍ ഖാലിദ് കനയ്യയുടെ സുഹൃത്തും പരിചയക്കാരനുമാണല്ലോ എന്ന് റിപ്പോര്‍ട്ടര്‍ പറയുമ്പോള്‍ ‘ആരാണ് നിങ്ങളോട് അങ്ങനെ പറഞ്ഞത്?’ എന്നായിരുന്നു കനയ്യയുടെ മറുചോദ്യം.
കോൺഗ്രസില്ലാതെ രാജ്യത്തിന് അതീജീവിക്കാന്‍ കഴിയില്ലെന്ന വാദമുയർത്തിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കനയ്യ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വലിയ വാഗ്‌ദാനങ്ങള്‍ കിട്ടിയതിന് പിന്നാലെയാണ് കനയ്യ മറുകണ്ടം ചേര്‍ന്നതെന്ന ആരോപണവും ഉയർന്നിരുന്നു.
Read also: പ്രിയങ്കയുടെ ഹാക്കിങ് പരാതി; ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു