ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ പ്രതിചേർക്കപ്പെട്ട മുൻ ഗവേഷക വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. ജൂൺ ഒന്നുമുതൽ മൂന്നുവരെ മൂന്നുദിവസത്തെ ഇടക്കാല ജാമ്യമാണ് ഡൽഹി ഹൈക്കോടതി അനുവദിച്ചത്. ചികിൽസയിലുള്ള മാതാവിനെ കാണാനാണ് ജാമ്യം.
വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പടെയുള്ള ജാമ്യാപേക്ഷ ഡെൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും കൂടാതെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്‌മാൻ, അക്‌തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്‌ദുൽ അഹമ്മദ് ഖാലിദ് സെഫി, ഗുൽഷിഫ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡെൽഹി പോലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്‌റ്റ് ചെയ്‌ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്.
ഡെൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അറസ്‌റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണ് പോലീസ് ആരോപിക്കുന്നത്.
Most Read| കെപിസിസി അധ്യക്ഷ സ്‌ഥാനം; മൂന്ന് പേരുകൾ പരിഗണനയിൽ




































