ലഖ്‌നൗ: മുൻ ജെഎൻയു വിദ്യാർഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഇന്ന് കനയ്യകുമാർ ലഖ്‌നൗവിൽ എത്തിയപ്പോഴായിരുന്നു സംഭവം.
എന്നാൽ, കനയ്യ കുമാറിന് നേരെ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നുമാണ് കോൺഗ്രസ് ആരോപണം. അക്രമികൾ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും ഒന്ന് രണ്ട് തുള്ളികൾ അടുത്തുനിന്ന കുറച്ച് യുവാക്കളുടെ മേൽ വീണെന്ന് നേതാക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടി പ്രവർത്തകർ ഉടൻ തന്നെ അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഖ്‌നൗവിൽ കോൺഗ്രസ് സ്‌ഥാനാർഥികൾക്കായി വീടുകയറി പ്രചാരണം നടത്താനാണ് കനയ്യ എത്തിയത്. അതേസമയം, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാർ പറഞ്ഞു.
Also Read: കാർഷിക മേഖലക്ക് വമ്പൻ പ്രഖ്യാപനങ്ങളുമായി ബജറ്റ്