കണ്ണൂർ: ഇടതുപക്ഷത്തിന്റെ കോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം യുഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ ചെറിയ വ്യത്യാസത്തിൽ നഷ്‌ടമായ കോർപ്പറേഷനിൽ ഇത്തവണ വ്യക്‌തമായ ലീഡോടെയാണ് യുഡിഎഫ് അധികാരത്തിൽ വന്നിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിലും എൽഡിഎഫ് ആധിപത്യമാണെങ്കിലും കോർപ്പറേഷൻ യുഡിഎഫ് ജയിച്ചു. 55 അംഗ നഗരസഭയിൽ 34 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ 19 ഇടത്ത് മാത്രമേ എൽഡിഎഫിന് ജയിക്കാൻ സാധിച്ചുള്ളൂ.
ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ എൻഡിഎക്ക് ഒരു സീറ്റ് ലഭിച്ചു. ഒരു സ്വതന്ത്രനും ജയിച്ചിട്ടുണ്ട്. മേയർ സ്‌ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാനപ്പെട്ട കോൺഗ്രസ് സ്‌ഥാനാർഥികളായ മാർട്ടിൻ ജോർജ്, പികെ രാഗേഷ്, പിഒ മോഹനൻ എന്നിവർ വിജയിച്ചിട്ടുണ്ട്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പളളിക്കുന്ന് ഡിവിഷനിലാണ് എൻഡിഎ സ്‌ഥാനാർഥി ജയിച്ചു കയറിയത്.
കഴിഞ്ഞ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും 27 സീറ്റുകൾ വീതമാണ് നേടിയിരുന്നത്. അന്ന് വിജയിച്ച കോൺഗ്രസ് വിമതൻ പി കെ രാഗേഷ് നിർണായക സാന്നിധ്യമായി മാറിയിരുന്നു. രാഗേഷ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണം ഇടതു മുന്നണിക്കൊപ്പം നിന്നു. എന്നാൽ ഭരണം മാറാൻ ഒരു വർഷം മാത്രം ശേഷിക്കേ, മേയർ ഇപി ലതക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ ഇടതുമുന്നണിക്ക് ഭരണം നഷ്‌ടമായി.
എന്നാൽ ഇത്തവണ വ്യക്‌തമായ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലേറുന്നത്. തെക്കൻ കേരളവും, മധ്യ കേരളവും കൈവിട്ടപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞത് കോൺഗ്രസിന് ആശ്വാസമായി. ഇത് ശരിവെക്കുന്നതാണ് കെ സുധാകരൻ എംപിയുടെ പ്രതികരണം. കണ്ണൂർ ജില്ലയിൽ യുഡിഎഫിന് പരിക്കില്ലെന്നും കോർപ്പറേഷനും നഷ്‌ടപ്പെട്ട ചില പഞ്ചായത്തുകളും തിരിച്ച് പിടിക്കാൻ കഴിഞ്ഞെന്നുമാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
Read Also: തിരുവനന്തപുരം കോര്‍പ്പറേഷൻ; ഭരണം നേടി എല്‍ഡിഎഫ്, യുഡിഎഫിന് കനത്ത തിരിച്ചടി