തളിപ്പറമ്പ്: കണ്ണൂർ വളക്കൈയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. 18ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. ശ്രീകണ്‌ഠപുരം റോഡിൽ വളക്കൈയിൽ കുറുമാത്തൂർ ചിൻമയ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ചെറുക്കള നാഗത്തിന് സമീപം എംപി രാജേഷിന്റെ മകൾ നേദ്യ എസ് രാജേഷാണ് (11) മരിച്ചത്.
കുറുമാത്തൂർ ചിൻമയ സ്‌കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർഥിനിയാണ് നേദ്യ. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കാൻ ശ്രമിക്കുമ്പോഴാണ് ബസ് നിയന്ത്രണം വിട്ടത്. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്‌ഠപുരം- തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ബസിൽ നിന്ന് തെറിച്ചുവീണ നേദ്യയ്‌ക്ക് മുകളിലേക്ക് ബസ് മറിയുകയായിരുന്നു. സംഭവ സ്‌ഥലത്ത് വെച്ചുതന്നെ കുട്ടി മരിച്ചു. ബസിൽ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.
മരിച്ച നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. നാല് മുതൽ 11 വയസുവരെയുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നത്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം