
മലപ്പുറം: സഹജീവികൾക്ക് കാരുണ്യത്തിന്റെ തൂവൽ സ്‌പർശമാകാൻ രൂപംകൊണ്ട സാന്ത്വന സദനം കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നാടിന് സമർപ്പിച്ചു. എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ നേതൃത്വത്തിന് കീഴിൽ നിർമാണം പൂർത്തീകരിച്ച സാന്ത്വന സദനം ഇന്ന് മുതൽ വേദനിക്കുന്നവരുടെ ജീവിതത്തിൽ ആശ്രയമായും ആശ്വാസമായും നിലകൊള്ളും.
മെഡിക്കല്‍ കെയര്‍ സെന്റര്‍, ഡി അഡിക് ഷന്‍ സെന്റര്‍, കൗണ്‍സിലിംഗ് കേന്ദ്രം, ഹോം കെയര്‍ സര്‍വ്വീസ്, സാന്ത്വനം വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വ്വീസ്, ജനാസ സംസ്‌കരണ കേന്ദ്രം തുടങ്ങിയവയാണ് പ്രാഥമികമായി സാന്ത്വന സദനം ആരംഭിക്കുന്ന സേവനങ്ങൾ. സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാർ ഉൽഘാടനം ചെയ്‌ത ചടങ്ങിൽ ഇകെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീൽ വിശിഷ്‍ടാതിഥിയായിരുന്നു.

“തിരഞ്ഞെടുപ്പോ, രാഷ്‌ട്രീയ ആവിശ്യങ്ങളോ ലക്ഷ്യം വെച്ചല്ല എസ്‌വൈഎസ് സ്വാന്തന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. വളരെ പ്രധാനപെട്ട ആവിശ്യത്തിന് നേരെയാണ് എസ്‌വൈഎസ് അവരുടെ വാതിലുകൾ തുറന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ പ്രവർത്തനം മാതൃകാപരമാണ്“. “ഒരുബഹുമത സാമൂഹിക ഘടനയിൽ ഒരു മത സംഘടനയുടെ ഉത്തരവാദിത്തവും ധർമ്മവും എന്താണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് ശൈഖുനാ എപി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുള്ള സംഘം നൂതനമായ കാര്യങ്ങളിലൂടെ മതപ്രവർത്തനം വഴി തിരിച്ചുവിടുന്നത്“ -വിശിഷ്‍ടാതിഥി പ്രഭാഷണത്തിൽ കെടി ജലീൽ പറഞ്ഞു.
ദൈവം സ്‌നേഹമാണ്, കരുണയാണ് അഭയമാണ് എന്ന സ്വാമി വിവേകാനന്ദന്റെ വരികളെ അന്വർഥമാക്കി എസ്‌വൈഎസ് നടത്തുന്ന ഈ പ്രവർത്തനം മാതൃകാപരമാണെന്ന് വീഡിയോ സന്ദേശം വഴി ചടങ്ങിന്റെ ഭാഗമായ നിയമസഭാ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ സന്ദേശ പ്രഭാഷണം നടത്തി. എപി അനിൽ കുമാർ എംഎൽഎ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി തങ്ങൾ കൂരിയാട്, സയ്യിദ് ഹബീബ് കോയ തങ്ങൾ ജിദ്ധ, സയ്യിദ് സീതിക്കോയ തങ്ങൾ പൊന്നാനി, പൊൻമള മൊയ്‌തീൻ കുട്ടി ബാഖവി, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ തങ്ങൾ മുത്തനൂർ, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, പ്രഫ. കെഎംഎ റഹീം, ഡോ. എംഎഎച്ച് അസ്ഹരി കാന്തപുരം, പികെഎം സഖാഫി ഇരിങ്ങല്ലൂർ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, മുസ്‌തഫ മാസ്‌റ്റർ കോഡൂർ, കെടി അബ്‌ദുറഹ്‌മാൻ, അബൂബക്കർ മാസ്‌റ്റർ പടിക്കൽ, മുഹമ്മദ് പറവൂർ, ജമാൽ മാസ്‌റ്റർ കരുളായി, ഉമർ മുസ്‌ലിയാർ ചാലിയാർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
Most Read: അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും