മലപ്പുറം: മഞ്ചേരി സാന്ത്വന സദനത്തിൽ മൂന്നു മാസത്തോളം അതിഥിയായി കഴിഞ്ഞ തഞ്ചാവൂർ സ്വദേശി ശരവണനെ തേടി ബന്ധുക്കളെത്തി. മൊറയൂർ വെയിറ്റിംഗ് ഷെഡിൽ മാസങ്ങളായി മനോനില തെറ്റി മൂകനായി കഴിഞ്ഞു കൂടിയിരുന്ന അജ്‌ഞാത യുവാവിനെ മൊറയൂർ ഗ്രാമപഞ്ചായത്ത് അംഗം ഹസൈനാർ ബാബു, അബ്‌ദുൽ സലാം മൊറയൂരും ചേർന്നാണ് സാന്ത്വന സദനത്തിലെത്തിച്ചത്.
നാടിനെ കുറിച്ചോ കുടുംബത്തെ കുറിച്ചോ വ്യക്‌തമായ വിവരം നൽകാൻ ശരവണന് സാധ്യമല്ലാത്തതിനാൽ പോലീസ് റിപ്പോർട്ട് പ്രകാരമാണ് എസ്‌വൈഎസ്‍ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മഞ്ചേരിയിലെ സാന്ത്വന സദനത്തിലെത്തിച്ചത്.
സാന്ത്വന സദനത്തിലെ ജീവനക്കാരായ മജീദ് സഖാഫി, മുഹമ്മദ് റാഫി എന്നിവരുടെ കൃത്യമായ പരിചരണവും ചികിൽസയും കൊണ്ട് ആരോഗ്യം വീണ്ടെടുക്കാനായി. ശേഷം, ഇദ്ദേഹവുമായി നടത്തിയ ആശയ വിനിമയത്തിനിടെ തഞ്ചാവൂർ സ്വദേശിയാണെന്ന് ബോധ്യമാകുകയും സാന്ത്വന സദനം അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
സോഷ്യൽ മീഡിയ വഴിയാണ് അന്വേഷണം പുരോഗമിച്ചത്. ദീർഘമായ അന്വേഷണത്തിനൊടുവിൽ ശരവണന്റെ കുടുംബത്തെ കണ്ടെത്തുകയും അവരെ വിവരമറിയിക്കാനും അധികൃതർക്ക് സാധിച്ചു. തുടർന്ന്, അഛനുൾപ്പെടെയുള്ള ബന്ധുക്കൾ മഞ്ചേരി സദനത്തിലെത്തി ശരവണനെ തിരിച്ചറിഞ്ഞു.
മാസങ്ങളായി മകനെ കുറിച്ച് യാതൊരു വിവരവുമില്ലാതെ അന്വേഷിച്ചു കൊണ്ടിരിന്ന ഇവർക്ക് ശരവണനെ കാണാനായത് അനുഗ്രഹവും ആശ്വാസവുമായി. മകനെ ആരോഗ്യത്തോടെ തികച്ചും സുരക്ഷിതനായി കണ്ടതിൽ സന്തോഷമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ശരവണനെ ബന്ധുക്കൾക്കൊപ്പം അധികൃതർ യാത്രയാക്കി.
എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് സികെഹസൈനാർ സഖാഫി കുട്ടശ്ശേരി, സെക്രട്ടറി പിപി മുജീബ് റഹ്‌മാൻ വടക്കേമണ്ണ, മൊറയൂർ പഞ്ചായത്ത് അംഗം അസൈനാർ ബാബു, അബ്‌ദുൽ സലാം, അബ്‌ദുൽ മജീദ് സഖാഫി എടവണ്ണ തുടങ്ങിയവർ യാത്രയയപ്പിൽ സംബന്ധിച്ചു.
Most Read: ഓൺലൈൻ ഗെയിമിങ്ങിന് ഇനി മുതൽ പ്രായപരിധി