ന്യൂഡെൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കുന്ന രീതിയിൽ വോട്ടിങ് യന്ത്രത്തിൽ പുതിയ സംവിധാനം ഒരുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുങ്ങുന്നത്. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിങ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന.
ഈ സംവിധാനം ഒരുക്കുന്നതിന് വെല്ലുവിളികൾ ഏറെയാണ്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്‌ട്രീയ പാർട്ടികളുടെ യോഗം ചേരും. പദ്ധതിയുടെ വിശദാംശങ്ങൾ അടങ്ങിയ കുറിപ്പ് ഇതിനോടകം പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. ശനിയാഴ്‌ചക്കകം രേഖാമൂലം പാർട്ടികൾ ഇതിന് മറുപടി നൽകണം. അതേസമയം, പുതിയ മെഷീൻ തിരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം 67.4 ആയിരുന്നു. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികൾ ആകാത്തതിന് പ്രധാന കാരണങ്ങളിൽ ഒന്ന് കുടിയേറ്റമാണെന്ന തിരിച്ചറിവിൽ നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
മറ്റ് സംസ്‌ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്‌ഥാനത്തെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസിസ്‌റ്റ്യുൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അഥവാ ആർവിഎം ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും.
ആഭ്യന്തര കുടിയേറ്റക്കാരുടെ നിർവചനം, പെരുമാറ്റച്ചട്ടം നടപ്പിലാക്കുക, വോട്ടിങ്ങിൽ സ്വകാര്യത ഉറപ്പാക്കുക, വോട്ടർമാരെ തിരിച്ചറിയുക, വോട്ടെണ്ണൽ മുതലായ വെല്ലുവിളികൾ മറികടക്കുന്നതിനാണ് രാഷ്‌ട്രീയ പാർട്ടികളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്.
രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കേന്ദ്രീകൃത വിവരങ്ങൾ ലഭ്യമല്ല എന്നതും പ്രധാന വെല്ലുവിളിയാണ്. എല്ലാവരുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ച ശേഷം റിമോട്ട് വോട്ടിങ് നടപ്പിലാക്കുന്നതിലേക്ക് കടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Most Read: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കാൻ യുഎസ്