വാഷിംങ്ടൺ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ യുഎസ്. 2 വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ചു മുതൽ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്തിയതിന് പിന്നാലെയാണ് നടപടി.
കോവിഡ് സാഹചര്യത്തെ കുറിച്ച് ചൈന വേണ്ടത്ര വിവരങ്ങൾ കൈമാറുന്നില്ലെന്ന് യുഎസ് കുറ്റപ്പെടുത്തി. ഇന്ത്യക്കും ജപ്പാനും പിന്നാലെയാണ് യുഎസും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. അതേസമയം, കോവിഡ് നിയന്ത്രണ വിധേയമെന്ന് വ്യക്‌തമാക്കിയ ചൈന ജനുവരി എട്ട് മുതൽ ക്വാറന്റെയ്ൻ ഒഴിവാക്കുമെന്നും അറിയിച്ചു.
അമേരിക്കയെ കൂടാതെ, ഇറ്റലി, ജപ്പാൻ, ഇന്ത്യ ഉൾപ്പടെയുള്ള ലോകത്തിലെ പല രാജ്യങ്ങളിലും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരെയും കോവിഡ് പരിശോധന നടത്താൻ ഇറ്റലി തീരുമാനിച്ചിട്ടുണ്ട്. ഇറ്റലിയുടെ തീരുമാനത്തിന് പിന്നാലെയാണ് അമേരിക്കയും ഈ നടപടി സ്വീകരിച്ചത്.
ജനുവരി അഞ്ചു മുതൽ ചൈന, ഹോങ്കോങ്, മക്കാവു എന്നിവിടങ്ങളിൽ നിന്ന് അമേരിക്കയിൽ എത്തുന്ന യാത്രക്കാർ കോവിഡ് നെഗറ്റീവ് റിപ്പോർട് നൽകുകയോ, അല്ലെങ്കിൽ കൊറോണ ഭേദമായെന്ന് അറിയിക്കുകയോ ചെയ്യണമെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
അതിനിടെ, കോവിഡിന്റെ കാര്യത്തിൽ പുതുവർഷത്തിലെ ആദ്യ നാളുകൾ ഇന്ത്യക്ക് നിർണായകമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. മുൻ വർഷങ്ങളിലെ വ്യാപനരീതി കണക്കിലെടുക്കുമ്പോൾ ഇനിയുള്ള 40 ദിവസം നിർണായകമാണെന്നാണ് നിർദ്ദേശം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഇന്ത്യയിൽ എത്തിയവരിൽ നടത്തിയ ആറായിരത്തോളം ആർടിപിസിആർ പരിശോധനയിൽ 39 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
Most Read: സംസ്‌ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്‌ഡ്