തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിൽ എൻഐഎ റെയ്‌ഡ്. രണ്ടാംനിര നേതാക്കളുടെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. 56 ഇടങ്ങളിൽ റെയ്‌ഡ് പുരോഗമിക്കുകയാണ്. പുലർച്ചെ മൂന്ന് മുതലാണ് എൻഐഎ എത്തി പരിശോധന ആരംഭിച്ചത്. ഡെൽഹിയിൽ നിന്നടക്കം ഉന്നത ഉദ്യോഗസ്‌ഥർ റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്.
പരിശോധനകൾക്ക് കേരള പോലീസിന്റെ സഹായവും തേടിയിരുന്നു. പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ചെയ്‌തവരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തവരെയും തേടിയാണ് എൻഐഎ പരിശോധന. പിഎഫ്ഐ നേതാക്കൾ ഭീകരപ്രവർത്തനത്തിന് എറണാകുളം പെരിയാർവാലിയിൽ യോഗം ചേർന്നെന്നും എൻഐഎ സംഘം കണ്ടെത്തി.
കൊച്ചിയിൽ ആലുവ കേന്ദ്രീകരിച്ചായിരുന്നു റെയ്‌ഡ്. റൂറൽ ജില്ലയിൽ മാത്രം 12 ഇടങ്ങളിൽ പരിശോധന നടന്നു. കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ റെയ്‌ഡ് നടത്തി. കുഞ്ഞുണ്ണിക്കരയിൽ മുഹ്‌സിൻ, ഫായിസ് എന്നിവരുടെ വീടുകളിൽ നിന്ന് തെളിവ് ശേഖരിച്ചു. ഇടവനക്കാട് പ്രദേശങ്ങളിൽ റെയ്‌ഡ് ഇപ്പോഴും പുരോഗമിക്കുന്നുണ്ട്.
ആലപ്പുഴയിൽ നാലിടത്തും പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. സംസ്‌ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ പത്തനംതിട്ടയിലെ വീടും പരിശോധിച്ചു. ആലപ്പുഴയിൽ ചിന്തൂർ, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിൽ ആലുവ, എടവനക്കാട്, വൈപ്പിൻ പ്രദേശങ്ങളിലുമാണ് പരിശോധന. പ്രവർത്തകരുടെ സ്‌ഥാപനങ്ങളിലും പുലർച്ചെ മുതൽ പരിശോധന തുടരുകയാണ്.
പിഎഫ്ഐയുടെ പ്രധാന സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പിഎഫ്ഐയുടേതായി നൂറിലധികം ബാങ്ക് അക്കൗണ്ടുകളും സ്‌ഥിരീകരിച്ചു. ഗൾഫ് രാജ്യങ്ങളിൽ മറ്റു പേരുകളിൽ സംഘടന രൂപീകരിച്ചു അതുവഴി സ്വരൂപിക്കുന്ന പണം നാട്ടിലെത്തിക്കുന്നതായും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് എന്നാണ് സൂചന.
പിഎഫ്ഐ നേതാക്കൾ ഭീകര പ്രവർത്തനത്തിന് യോഗം ചേർന്നെന്ന് എൻഐഎ വിശദീകരിക്കുന്നു. നിരോധന നീക്കങ്ങൾക്കിടെ സംസ്‌ഥാനത്തെ വിവിധ ഇടങ്ങളിൽ യോഗം ചേർന്ന സംഘം എറണാകുളത്ത് പെരിയാർ വാലിയിൽ യോഗം ചേർന്നെന്നും കണ്ടെത്തി. മറ്റു ജില്ലകളിൽ പിഎഫ്ഐ ശക്‌തികേന്ദ്രങ്ങളിൽ ആയിരുന്നു യോഗം നടന്നതെന്ന് എൻഐഎ വ്യക്‌തമാക്കുന്നു.
Most Read: ബഫർസോൺ; സർവേ നമ്പർ അടങ്ങിയ ഭൂപടം പ്രസിദ്ധീകരിച്ചു