തിരുവനന്തപുരം: സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം സർക്കാർ പ്രസിദ്ധീകരിച്ചു. ജനവാസ കേന്ദ്രങ്ങളെയും നിർമിതികളെയും ഒഴിവാക്കി സംരക്ഷിത മേഖലക്ക് ചുറ്റുമുള്ള ബഫർസോൺ ഭൂപടം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ സർവേ നമ്പർ കൂടി ഉൾപ്പെടുത്തിയ ഭൂപടമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്.
ഓരോ സ്‌ഥാപനത്തിനും വ്യത്യസ്‌ത നിറമാണ് ഭൂപടത്തിൽ നൽകിയിരിക്കുന്നത്. ഇതിലുള്ള പരാതികൾ ജനുവരി ഏഴിനകം നൽകാം. അതേസമയം, സ്‌ഥല പരിശോധന നടത്തി റിപ്പോർട് തയ്യാറാക്കാനുള്ള വിദഗ്‌ധ സമിതിയുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. ജസ്‌റ്റിസ് തോട്ടത്തിൽ രാധാകൃഷ്‌ണൻ അധ്യക്ഷനായുള്ള സമിതിയുടെ കാലാവധിയാണ് നീട്ടി നൽകിയത്. അടുത്ത വർഷം ഫെബ്രുവരി എട്ട് വരെയാണ് കാലാവധി നീട്ടികൊണ്ടുള്ള ഉത്തരവിറങ്ങിയത്.
ഡിസംബർ 30ന് കാലാവധി തീരുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. കാലാവധി നീട്ടാൻ നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. അതേസമയം, ബഫർസോൺ ആശയക്കുഴപ്പം കടുക്കുന്നതിനിടെയാണ് അടുത്ത ഭൂപടവും സർക്കാർ പ്രസിദ്ധീകരിച്ചത്. ഇതിൽ ഒരേ സർവേ നമ്പറിലെ ചില പ്രദേശങ്ങൾ ബഫർസോണിന് അകത്തും ചിലത് പുറത്തുമാണ്. ഇത് വീണ്ടും ആശയക്കുഴപ്പം ആക്കിയിട്ടുണ്ട്.
സീറോ ബഫർസോൺ റിപ്പോർട്ടിലും ഉപഗ്രഹ സർവേ റിപ്പോർട്ടിലും പരാതി നൽകാനുള്ള സമയ പരിധി ജനുവരി ഏഴിന് തീരും. 11ന് സുപ്രീം കോടതി കേസ് പരിഗണിക്കാനിരിക്കെ പരാതിയിലെ പരിശോധനക്ക് അധിക ദിവസം കിട്ടില്ല. പരാതി പരിഹാരത്തിലെ ഈ കാലതാമസം സുപ്രീം കോടതിയിൽ നൽകേണ്ട റിപ്പോർട് തയ്യാറാക്കുന്നതിനെയും ബാധിക്കുമെന്നാണ് ആശങ്ക.
Most Read: വിദേശത്ത് നിന്നെത്തിയ 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം