ന്യൂഡെൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്‌ചയിച്ച കോടതി വിധിയിൽ ഇളവാണ് കേന്ദ്രസർക്കാരും കേരളവും ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്‌തമാക്കിയിരുന്നു.
ബഫർസോണിൽ കരട് വിജ്‌ഞാപനത്തിൽ ഇളവ് പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. വിധിയിൽ വ്യക്‌തത തേടി കേന്ദ്രവും കേരളവും കർഷക സംഘടനകളും അടക്കം നൽകിയ ഹരജികളാണ് ഇന്ന് പരിഗണിക്കുക. നിലവിലുള്ള വിധി, കരട് വിജ്‌ഞാപനത്തിന് ബാധകമാക്കരുതെന്നാണ് സംസ്‌ഥാനത്തിന്റെ ആവശ്യം. മതിൽകെട്ടാൻ ചോലയുടെ കാര്യത്തിൽ അന്തിമ വിജ്‌ഞാപനവും മറ്റുള്ളവയിൽ കരട് വിജ്‌ഞാപനവുമാണ് നിലനിൽക്കുന്നത്.
ജൂണിലെ വിധി പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. പരിസ്‌ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്‌ഞാപനങ്ങളിൽ ഉൾപ്പെടുന്ന മേഖലകളെ ബഫർസോൺ വിധിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഹരജിയിൽ കക്ഷിചേരാൻ കേരളവും അപേക്ഷ നൽകിയിരുന്നു.
കേന്ദ്രം കരട് വിജ്‌ഞാപനം ഇറക്കിയ കേരളത്തിലെ 23 സംരക്ഷിത മേഖലകൾക്ക് ഇളവ് നൽകണമെന്ന് കേരളവും ആവശ്യപ്പെടുന്നു. 17 പ്രദേശങ്ങളിൽ ബഫർസോണിനുള്ള കരട് വിജ്‌ഞാപനം നടന്നതായും അന്തിമ വിജ്‌ഞാപനം വരുന്നതിന് തൊട്ടുമുമ്പാണ് സുപ്രീം കോടതി വിധി ഉണ്ടായതെന്നും കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ ജയ്‌ദീപ് ഗുപത കോടതിയെ അറിയിച്ചു.
അന്തിമ വിജ്‌ഞാപനമായവരുടെ കാര്യത്തിൽ നേരത്തെ തന്നെ ഇളവ് നൽകിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, കരടിലും ഈ ഇളവ് വേണമെന്ന് കേന്ദ്രവും കേരളവും വ്യക്‌തമാക്കി. ഇതോടെയാണ് ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. കേരളം ഉൾപ്പടെ ഉന്നയിക്കുന്ന വിഷയങ്ങളെ പൊതുവായി പരിഗണിച്ചു സമഗ്ര സമീപനമാകും ഉചിതമെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വർ ചൂണ്ടിക്കാട്ടി.
ഇക്കാര്യം മൂന്നംഗ ബെഞ്ചിന് വിടേണ്ടതുണ്ടോയെന്നും പരിഗണിക്കാമെന്ന് ജഡ്‌ജിമാരായ ബിആർ ഗവായ്, എംഎം സുന്ദരേശ് എന്നിവർ വ്യക്‌തമാക്കിയിരുന്നു. അതിനിടെ, ബഫർസോൺ വിഷയത്തിൽ ഇടുക്കിയിൽ സ്വീകരിച്ചിരിക്കുന്ന നടപടികൾ വിലയിരുത്താനുള്ള യോഗം ഇന്ന് കളക്‌ടറേറ്റിൽ നടക്കും.
മന്ത്രി റോഷി അഗസ്‌റ്റിൻ അധ്യക്ഷത വഹിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഓരോ തദ്ദേശ സ്‌ഥാപനങ്ങളും സ്വീകരിച്ച നടപടി യോഗത്തിൽ വിശദീകരിക്കും. സർവേ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികളും ചർച്ച ചെയ്യും.
Most Read: കാര്യവട്ടത്ത് കാണികൾ കുറഞ്ഞത് കായികമന്ത്രിയുടെ പരാമർശം മൂലം; വിഡി സതീശൻ