ന്യൂഡെൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഉത്തരവ് ഭേദഗതി ചെയ്‌ത് സുപ്രീം കോടതി. ബഫർസോണിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവാണ് സുപ്രീം കോടതി ഭേദഗതി ചെയ്‌തത്. നിയന്ത്രണങ്ങളിൽ കോടതി വ്യക്‌തത വരുത്തി. അതേസമയം, ക്വാറി അടക്കമുള്ളവയ്‌ക്ക് നിയന്ത്രണം തുടരുമെന്നും കോടതി അറിയിച്ചു. കുടിയൊഴിപ്പിക്കൽ ഉണ്ടാവില്ല. വലിയ നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഉണ്ടാകും.
ഇതോടെ, കേരളത്തിലെ 23 സംരക്ഷിത മേഖലകൾക്ക് ഇളവ് ലഭിക്കും. ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ജൂൺ മൂന്നിലെ കോടതി വിധി അനുസരിച്ചു, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരുകിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പടെ തടഞ്ഞിരുന്നു. വിധിയിൽ വ്യക്‌തത തേടി മഹാരാഷ്‌ട്രയിലെ റിയൽ എസ്‌റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരുകിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിശ്‌ചയിക്കുമ്പോൾ, അവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിരോധനം പറ്റില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസം വാദം കേൾക്കുന്നതിനിടെ വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ, ബഫർസോണിൽ പുതിയ നിർമാണം വിലക്കുന്ന പരാമർശം കഴിഞ്ഞ ജൂണിൽ കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഉണ്ടെന്ന് അമിക്കസ് ക്യൂറി കെ പരമേശ്വർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബിആർ ഗവായ് ഉൾപ്പെട്ട ബെഞ്ചിന്റെ പ്രതികരണം.
ബഫർസോൺ നിർബന്ധമാക്കിയ 2022 ജൂൺ മൂന്നിലെ വിധി ആ പ്രദേശങ്ങളിൽ ഉള്ളവർക്ക് വായ്‌പ കിട്ടാത്ത സ്‌ഥിതി ഉണ്ടാക്കിയെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അവിടെ താമസിക്കുന്നവരുടെ തൊഴിൽ, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിർമാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്‌റ്റിസ് ഗവായ് പറഞ്ഞു. എന്നാൽ, ഖനനം പോലെ ഈ മേഖലയിൽ നിരോധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മാത്രമാണ് ബഫർസോൺ വിധിയിലൂടെ ലക്ഷ്യമിട്ടതെന്നും കോടതി പറഞ്ഞു.
Most Read: കൊച്ചി ജല മെട്രോ; ഹൈക്കോടതി-വൈപ്പിൻ ആദ്യ സർവീസ് ഇന്ന് മുതൽ