മലപ്പുറം: മലപ്പുറം ജില്ലയിലെ മുൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്. നാലിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കാലത്തിൽപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന.
നാലിടങ്ങളിലും ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്. രാജ്യവ്യാപകമായി പല സംസ്‌ഥാനങ്ങളിലും റെയ്‌ഡ് നടക്കുന്നതായാണ് സൂചന. കേരളത്തിൽ മലപ്പുറം ഉൾപ്പടെ പത്തോളം ഇടങ്ങളിൽ റെയ്‌ഡ് നടക്കുന്നതായാണ് വിവരം. പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് പരിശോധനയെന്നാണ് റിപ്പോർട്ടുകൾ.
ഈ മാസം ആദ്യം മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവൃത്തിക്കുന്ന പരിശീലന കേന്ദ്രം എൻഐഎ കണ്ടെത്തിയിരുന്നു. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിൽ ഒന്നുമായ മഞ്ചേരി ഗ്രീൻവാലിയാണ് എൻഐഎ കണ്ടുകെട്ടിയത്. ആയുധ പരിശീലനം, ശാരീരിക പരിശീലനം, സ്‌ഫോടക വസ്‌തുക്കളുടെ ഉപയോഗം എന്നിവക്കും പരിശീലന സെക്ഷനുകൾക്കുമായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയത്.
മലബാർ ഹൗസ്, പെരിയാർ വാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്‌റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്‌റ്റ് എന്നിവ എൻഐഎ നേരത്തെ കണ്ടുകെട്ടിയിരുന്നു.
Most Read| മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പു കേസ്; കെ സുധാകരന് ഇഡി നോട്ടീസ്