കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിൽ പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവെച്ചാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ മൊഴിയിലുണ്ട്.
സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിനെ കുറിച്ച് അറിയാവുന്ന ആളാണ് പ്രതിയെന്നാണ് പോലീസ് സംശയം. കണ്ണൂർ റേഞ്ച് ഡിഐജി തോംസൺ ജോസ്, ജില്ലാ പോലീസ് മേധാവി പി ബിജോയ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ കട്ടിലിൽ നിന്ന് എടുത്തുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുടർന്ന് തൊഴുത്തിൽ പോയ സമയത്താണ് പ്രതി അകത്തേക്ക് കടന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തോളിലെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തേക്കിറങ്ങി.
പിന്നീട് വീടിന് 500 മീറ്റർ അകലെയുള്ള സ്‌ഥലത്തെത്തിച്ചു പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് സ്വർണക്കമ്മലുകൾ കവർന്നു. അതിന് ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ചു ഇയാൾ കടന്നുകളയുകയായിരുന്നു. തൊഴുത്തിൽ നിന്ന് മുറിയിൽ തിരിച്ചെത്തിയ മുത്തച്ഛനാണ് കുട്ടിയെ കാണാതായത് അറിയുന്നത്. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം ദൂരയല്ലാതെ കുട്ടിയെ കണ്ടെത്തിയത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്. എന്നാൽ, ആശുപത്രിയിൽ ഹാജരാക്കിയ പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കുട്ടി നിലവിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read| എസ്എസ്എൽസി പരീക്ഷാ ഫലം കൊടിയത്തൂർ സ്‌കൂളിന് ഇരട്ടി മധുരമല്ല, ‘ഇരട്ട’ മധുരം








































