കാഞ്ഞങ്ങാട്: നിയന്ത്രണങ്ങൾ ലംഘിച്ച് പുതുവൽസര ആഘോഷം നടത്തിയത് തടയാനെത്തിയ പോലീസ് സംഘത്തിന് നേരെ യുവാക്കളുടെ ആക്രമണം. കാഞ്ഞങ്ങാട് എസ്‌ഐ ശ്രീജേഷ്, സിവിൽ പോലീസ് ഓഫിസർമാരായ പ്രശാന്ത്, സകേഷ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ പുലർച്ചെ മാണിക്കോത്താണ് സംഭവം. സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
മാണിക്കോത്ത് സ്വദേശികളായ പി വൈശാഖ്, പിവി അഖിൽ, എംസി രാഗേഷ്, പികെ വിഷ്‌ണു, എംസി രതിൻ, എംസി രോഹിത്ത്, സി ശ്രീജേഷ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എസ്‌ഐയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും പോലീസുകാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
വിലക്ക് ലംഘിച്ചും കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയും 15 അംഗ സംഘം പുതുവൽസരം ആഘോഷിക്കുന്ന വിവരം അറിഞ്ഞാണ് പോലീസ് സ്‌ഥലത്തെത്തിയത്. ആഘോഷം അവസാനിപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് ഇവരെ തടയാൻ ശ്രമിച്ചതോടെ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Most Read: തെറ്റുകാരെ സംരക്ഷിക്കില്ല; കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ആവർത്തിച്ച് കോടിയേരി






































