തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്‌ച അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ, മിന്നൽവേഗത്തിൽ ആദ്യഘട്ട പട്ടികയിറക്കിയ എൽഡിഎഫും എൻഡിഎയും ഇപ്പോഴും മുഴുവൻ സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വൈകിത്തുടങ്ങിയ യുഡിഎഫ് ആകട്ടെ മാരത്തൺ ചർച്ചകൾക്കുശേഷം എല്ലാ സീറ്റിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു. എൽഫിഫിന് അഞ്ച് മണ്ഡലങ്ങളിലാണ് ഇനി തീരുമാനമാകാനുള്ളത്. തിരുവനന്തപുരത്ത് നടൻ സുധീർ കരമനയെ തീരുമാനിച്ചെങ്കിലും പ്രഖ്യാപനമുണ്ടായിട്ടില്ല.
മന്ത്രി വി. അബ്‌ദുറഹിമാൻ തിരൂരിലേക്ക് മാറിയതോടെ താനൂരിൽ സ്‌ഥാനാർഥിയില്ലാതായി. മങ്കടയിൽ എംപി. അലിയും പിൻമാറിയ മട്ടാണ്. കാസർഗോഡ്, വള്ളിക്കുന്ന് മണ്ഡലങ്ങളിലും സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനായിട്ടില്ല. ബിജെപി രണ്ട് ഘട്ടങ്ങളിലായി 86 സീറ്റുകളിലേക്കുള്ള പട്ടിക പുറത്തുവിട്ടു. ഇനിയും സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഉണ്ട്.
അതേസമയം ഇന്ന് കൂടുതൽ സ്‌ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. വി. ശിവൻകുട്ടി, മുഹമ്മദ് റിയാസ്, സജി ചെറിയാൻ മന്ത്രിമാരുടെ നീണ്ട നിര ഇന്ന് പത്രിക സമർപ്പിക്കും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ. മുരളീധരൻ അടക്കമുള്ള പ്രതിപക്ഷ നിരയിലെ നേതാക്കളും ഇന്ന് പത്രിക നൽകും.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ എന്നിവരും ഇന്നാണ് പത്രിക സമർപ്പിക്കുക. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിക്കുന്ന ജി. സുധാകരനും ഇന്ന് പത്രിക നൽകും. ധർമ്മടം മണ്ഡലം സ്‌ഥാനാർഥി പിണറായി വിജയൻ വ്യാഴാഴ്‌ച പത്രിക സമർപ്പിച്ചിരുന്നു.
മാർച്ച് 23നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്ന് കഴിഞ്ഞാൽ തിങ്കളാഴ്‌ച മാത്രമാണ് പത്രികാ സമർപ്പണത്തിന്റെ അവസരമുള്ളത്. മാർച്ച് 24നാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നാണ്. ഏപ്രിൽ ഒമ്പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് നാലിന്.
Health| കുട്ടികളിലെ അമിതവണ്ണം; ഇന്ത്യ രണ്ടാം സ്‌ഥാനത്ത്, സർക്കാർ ഇടപെടൽ വേണം








































