തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 8 നാൾ മാത്രം ശേഷിക്കെ, മുന്നണികൾ പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടന്നു. കനത്ത ചൂടിലും പ്രചാരണത്തിന് ഒട്ടും ആവേശം കുറവല്ല. പ്രമുഖ നേതാക്കളെയും താരപ്രചാകരെയും അണിനിരത്തി ആവേശം വാനോളമുയർത്തുകയാണ് മുന്നണികൾ.
വടക്കൻ കേരളത്തിൽ യുഡിഎഫിനായി രാഹുൽ ഗാന്ധിയാണ് എത്തിയത്. രാഹുൽ ഇന്ന് കോഴിക്കോട് എത്തും. പേരാമ്പ്ര, ബാലുശേരി തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇതോടൊപ്പം സിപിഎമ്മിനായി പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെയും ബിജെപിക്കായി നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് എത്തുന്നതോടെ വോട്ടർമാരെ കയ്യിലെടുക്കാനുള്ള പോരാട്ടം ശക്തമാകും.
തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പര്യടനം നടത്തുന്നത്. എസ്ഡിപിഐ ബന്ധത്തെച്ചൊല്ലിയുള്ള ആരോപണങ്ങളും വാർത്താ സമ്മേളനങ്ങളിലെ വിവാദങ്ങളും സജീവ ചർച്ചയാകുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രതികരണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്.
കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്.
ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പത്രിക പ്രകാശനം ചെയ്യുന്നത്. വിവാദങ്ങൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ട അതിവേഗ റെയിൽ പദ്ധതി പത്രികയിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.
Most Read| രണ്ട് എൽപിജി കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്; ബിഡബ്ള്യൂ ടൈർ ഇന്ന് മുംബൈ തീരത്തെത്തും




































