തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. വയനാട്ടിൽ മഹിളാ മോർച്ച സംസ്‌ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് മൽസരിക്കും.
പാലക്കാട് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാറും ചേലക്കരയിൽ തിരുവില്വാമല പഞ്ചായത്തംഗം കെ ബാലകൃഷ്‌ണനും മൽസരിക്കും. ഡെൽഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചത്.
കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണയായി കൗൺസിലറും കോർപ്പറേഷനിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവുമാണ് നവ്യ ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്‌ഥാനാർഥിയായിരുന്നു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡണ്ട്, സംസ്‌ഥാന സെക്രട്ടറി, സംസ്‌ഥാന ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങളിൽ പ്രവർത്തിച്ച നേതാവാണ് സി കൃഷ്‌ണകുമാർ.
2000 മുതൽ 2020 വരെ പാലക്കാട് നഗരസഭാ കൗൺസിലറായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്‌ഥാനാർഥിയായി മൽസരിച്ച് 2,51,778 വോട്ടുകൾ നേടിയിരുന്നു. കേരളത്തിൽ ബിജെപിക്ക് ഏറ്റവും വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. ശോഭാ സുരേന്ദ്രനെ മണ്ഡലത്തിൽ കൊണ്ടുവരണമെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്.
ശോഭക്ക് വേണ്ടി മറ്റുപല നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് കൃഷ്‌ണകുമാർ സീറ്റുറപ്പിച്ചത്. ബിജെപി സ്‌ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുകയാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഐഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്‌ഥാനാർഥി. എൽഡിഎഫിൽ സിപിഐയിൽ നിന്ന് സത്യൻ മൊകേരിയാണ് മൽസരിക്കുന്നത്.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്ന പി സരിനും ചേലക്കരയിൽ മുൻ എംഎൽഎ യുആർ പ്രദീപും ഇടതു മുന്നണിക്കായി മൽസരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടും രമ്യ ഹരിദാസ് ചേലക്കരയിലും യുഡിഎഫിനായി മൽസരിക്കും.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!