തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 140 മണ്ഡലങ്ങളിലായി ഇതുവരെ 1269 പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. നാളെയാണ് സൂക്ഷ്‌മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26നാണ്. അതോടെ സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയും.
ഇത്തവണ പത്രിക സമർപ്പിക്കാനുള്ള സമയം തീരെ കുറവായിരുന്നു. വൈകീട്ട് അഞ്ചുവരെയുള്ള കണക്കനുസരിച്ച് 676 സ്‌ഥാനാർഥികൾ 1181 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചിരിക്കുന്നത്. ഇന്ന് മാത്രം 335 സ്‌ഥാനാർഥികളാണ് 574 നാമനിർദേശ പത്രികകൾ സമർപ്പിച്ചത്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലായി ആറ് അപരൻമാർ രംഗത്തുണ്ട്.
അരുവിക്കരയിൽ എൽഡിഎഫ് സ്‌ഥാനാർഥി ജി. സ്‌റ്റീഫന് ഒരു അപരനും യുഡിഎഫ് സ്‌ഥാനാർഥി വിഎസ്. ശിവകുമാറിന് രണ്ട് അപരൻമാരുമാണുള്ളത്. എൻഡിഎ സ്‌ഥാനാർഥി രാജീവ് ചന്ദ്രശേഖർ മൽസരിക്കുന്ന നേമത്ത് സ്വതന്ത്രനായി ജിഎസ്. രാജീവ് കുമാർ രംഗത്തുണ്ട്. യുഡിഎഫിനായി കെ. മുരളീധരൻ മൽസരിക്കുന്ന വട്ടിയൂർക്കാവിൽ വി. മുരളീധരൻ സ്വതന്ത്രനായി മൽസരിക്കുന്നുണ്ട്.
പോളിങ് ഉദ്യോഗസ്‌ഥരിൽ പ്രിസൈഡിങ് ഓഫീസർമാർ, ഫസ്‌റ്റ് പോളിങ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം നാളെ മുതൽ 29 വരെ നടക്കും. പരിശീലന കേന്ദ്രങ്ങളിൽ ഇവർക്കുള്ള തപാൽ ബാലറ്റ് ഫോം സമർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തും.
രണ്ടാംഘട്ട പരിശീലനം നടക്കുന്ന കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്താനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വിഎഫ്‌സി) ക്രമീകരിക്കും. രണ്ടും മൂന്നും പോളിങ് ഓഫീസർമാർക്കുള്ള പരിശീലനം രണ്ടാംഘട്ടത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവർക്ക് ആദ്യഘട്ട പരിശീലനം നടക്കുന്ന ഏതെങ്കിലും കേന്ദ്രത്തിൽ തപാൽ ബാലറ്റിന് അപേക്ഷ സമർപ്പിക്കാം.
140 മണ്ഡലങ്ങളിലെ റിട്ടേണിങ് ഓഫീസർമാർക്കുള്ള രണ്ടാംഘട്ട പരിശീലനം പൂർത്തിയായി. അതേസമയം, പോലീസുകാർക്ക് തപാൽ ബാലറ്റിന് അപേക്ഷിക്കാൻ ഏഴ് ദിവസം വരെ സമയം അനുവദിക്കുമെന്ന് സിഇഒ രത്തൻ യു. ഖേൽക്കർ പറഞ്ഞു. രണ്ടു ദിവസം മാത്രം അപേക്ഷിക്കാൻ നൽകിയതിനാൽ അവസരം നഷ്‌ടമായെന്ന് പരാതി ഉയർന്നിരുന്നു.
എല്ലാ മുന്നണികളും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്‌ഥാനത്തെ 140 മണ്ഡലങ്ങളിലെയും മൽസര ചിത്രം വ്യക്‌തമായിരിക്കുകയാണ്. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 17 നാൾ മാത്രമാണ് ബാക്കി. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ







































