തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴ. വടക്കൻ കേരളത്തിൽ മഴ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രത തുടരുകയാണ്. 11 ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്. രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. വരുന്ന അഞ്ചുദിവസവും സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോഴാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്.
മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, സ്‌പെഷ്യൽ ക്ളാസുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്‌ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സാങ്കേതിക സർവകലാശാലയും ഇന്ന് നടത്താനിരുന്ന മുഴുവൻ യുജി, പിജി പരീക്ഷകളും മാറ്റി.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!