പത്തനംതിട്ട: ഇലന്തൂരിൽ റോസ്‍ലിയെയും പത്‌മയെയും നരബലിക്ക് വിധേയമാക്കിയ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുനരാവിഷ്‌കരിച്ചു. ശാസ്ത്രീയമായ ഉള്ളടക്കങ്ങൾ വ്യക്‌തമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിച്ചു നരബലി പുനരാവിഷ്‌കരിച്ചത്.
പൊലീസ് സർജൻ ഡോ. ലിസിയുടെ സാന്നിധ്യത്തിൽ മുഹമ്മദ് ഷാഫിയെയും ഭഗവൽസിങ്ങിനെയും കുറ്റകൃത്യം നടത്തിയ സ്‌പോട്ടിൽ എത്തിച്ചാണ് ഫൊറൻസിക് സംഘം നരബലി രംഗങ്ങൾ പുനരാവിഷ്‌കരിച്ചത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ആരംഭിച്ച പരിശോധന നാലരയോടെയാണു പൂർത്തിയായത്.
നേരത്തേ ഡമ്മി പരീക്ഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തിന്റെ വിവിധ വശങ്ങൾ കൂടുതൽ വിശദമായി പരിശോധിക്കാനാണു വീണ്ടും ഡമ്മി ഉപയോഗിച്ചുള്ള പുരാവിഷ്‌കാരം ആവശ്യമായത്. പ്രതികൾ ചോദ്യം ചെയ്യലിൽ പരസ്‌പര വിരുദ്ധമായി സംസാരിക്കുന്നതായി പൊലീസ് പറഞ്ഞു.
രണ്ടും മൂന്നും പ്രതികളായ ഭഗവൽസിങും ലൈലയും മാനസിക നില തെറ്റിയ രീതിയിലാണ് പെരുമാറുന്നത്. എന്നാലിത് ഇവരുടെ അഭിഭാഷകരുടെ സാഹത്തോടെയുള്ള തന്ത്രമാണെന്നാണ് സൂചന. വിശദമായ പരിശോധനയിൽ ഇത് മനസിലാക്കാൻ കഴിയുമെന്ന് പോലീസ് പറഞ്ഞു. അതേസമയം, ശരീരഭാഗങ്ങൾ ചേർത്തു വച്ചുള്ള പരിശോധന നടത്താനുള്ള നീക്കവും പോലീസ് നടത്തുന്നുണ്ട്. ഇതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കൂടുതൽ രക്‌ത സാംപിളുകൾ ഡിഎൻഎ പരിശോധനക്കായി കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.
പ്രതികൾക്ക് ഊരിപോരാനൊ കോടതിയിൽ ചോദ്യം ചെയ്യാനോ സാധിക്കാത്ത രീതിയിൽ പരമാവധി ശാസ്‌ത്രീയ തെളിവുകൾ കണ്ടെത്താനും സ്വരൂപിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്. പന്ത്രണ്ടുദിവസം പൊലീസ് കസ്‌റ്റഡിയിൽ വിടാനുള്ള എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് മജിസ്ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ലൈല എന്നിവർ നൽകിയ റിവിഷൻ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
Most Read: കായൽ കൈയേറ്റത്തില്‍ നടന്‍ ജയസൂര്യക്കെതിരെ കുറ്റപത്രം; ആകെ നാലുപ്രതികൾ