കോഴിക്കോട്: കോവിഡ് പിടിമുറുക്കിയതോടെ കേരളത്തിലെ കഥകളുടെ ഉൽസവം ഇത്തവണ ഓൺലൈനിൽ നടക്കും. ഡിസി ബുക്ക്‌സും, ഡിസി കിഴക്കേമുറി ഫൗണ്ടേഷനും സംയുക്‌തമായി നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്‌റ്റിവലിന്റെ ഇ പതിപ്പ് (eKLF) നാളെയാണ് ആരംഭിക്കുക. രാവിലെ പത്ത് മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം നിർവഹിക്കും.
‘കവിതയിലെ കാലമുദ്രകള്‍’ എന്ന വിഷയത്തില്‍ കവി സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തുന്ന സംവാദത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് അന്താരാഷ്‌ട്ര കാവ്യോൽസവം നടക്കും. ഫെസ്‌റ്റിവല്‍ ഡയറക്‌ടർ സച്ചിദാനന്ദന്റെ 75ആം ജൻമദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യോൽസവം പലസ്‌തീൻ കവി അസ്‌മ അസെ, ലക്ഷദ്വീപ് കവി ഇസ്‌മത് ഹുസൈന്‍ എന്നിവരുടെ കവിതകളോടെ ആരംഭിക്കും. വൈകിട്ട് ഏഴ് മണിക്ക് കാവ്യോൽസവം സമാപിക്കും.
അന്താരാഷ്‌ട്ര കാവ്യോൽസവത്തില്‍ പലസ്‌തീൻ, ഇസ്രയേല്‍, ദക്ഷിണാഫ്രിക്ക, ഇറ്റലി, അമേരിക്ക, അയര്‍ലന്റ് തുടങ്ങി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള കവികളോടൊപ്പം തസ്‌ലീമ നസ്രീന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സല്‍മ, കെജി ശങ്കരപ്പിള്ള, ചന്ദ്രകാന്ത് പാട്ടില്‍, കുട്ടിരേവതി, നിഷി ചൗള, പിപി രാമചന്ദ്രന്‍, റഫീക്ക് അഹമ്മദ് തുടങ്ങി അൻപതിലേറെ കവികള്‍ പങ്കെടുക്കും.
ഡി സി ബുക്‌സിന്റെ യൂ ട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ eKLF കാണുകയും പങ്കാളികളാവുകയും ചെയ്യാം.
Also Read: സ്‌കൂളുകൾ പൂട്ടി; ഉദ്യോഗസ്‌ഥർക്ക് സ്‌ഥലം മാറ്റം; പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ