തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നത് മാറ്റി ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ബില്ല് രാഷ്ട്രപത്രി നിയമസഭയ്ക്ക് അയക്കും. സഭയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്രം തുടർനടപടി സ്വീകരിക്കും. പാർലമെന്റും ബിൽ പാസാക്കണം.
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നത് മാറ്റി ‘കേരളം’ എന്നാക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്ന പ്രമേയം 2023ൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. പിന്നീട് കത്തിലൂടെയും ആവശ്യം ഉന്നയിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്ന പേര് ആക്കണമെന്നാണ് പ്രമേയത്തിൽ പറഞ്ഞിരുന്നത്.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഭേദഗതികൾ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകായയിരുന്നു. സംസ്ഥാനത്തിന്റെ മലയാള ഭാഷയിൽ ‘കേരളം’ എന്നാണ് പറയുന്നതെങ്കിലും മറ്റു ഭാഷകളിൽ ഇപ്പോഴും ‘കേരള’ എന്നാണെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപവൽക്കരിക്കപ്പെട്ടത് 1956 നവംബർ ഒന്നിനാണ്.
കേരള പിറവി ദിനവും നവംബർ ഒന്നിനാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾക്കായി ഐക്യകേരളം രൂപപ്പെടണമെന്നതും ദേശീയ സ്വാതന്ത്ര്യസമര കാലം മുതൽ ശക്തമായി ഉയർന്നുവന്നിരുന്ന ആവശ്യമാണ്. എന്നാൽ, ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയത്.
ഇത് ‘കേരളം’ എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിന് വേണ്ട അടിയന്തിര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്നാണ് നിയമസഭ ഐക്യകണ്ഠേന കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല


































