ന്യൂഡെൽഹി: കേരളം ഉൾപ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.
പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനോടൊപ്പം നടക്കും. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍വന്നു.
ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27നും രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാം ഘട്ടം ഏപ്രിൽ ആറിനും നടക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റഘട്ടമായാണ് ഏപ്രിൽ ആറിന് വോട്ടെടുപ്പ് നടക്കുക. പശ്ചിമ ബംഗാളിൽ എട്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് മാർച്ച് 27ന് ആരംഭിക്കും. അസമിൽ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്; മാർച്ച് 27നാണ് ഒന്നാം ഘട്ടം.
കോവിഡിന്റെ പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് ബൂത്തുകളുടെ എണ്ണം 40771 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ തവണ 21,498 ബൂത്തുകളാണ് ഉണ്ടായിരുന്നത്. പോളിങ് സമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പോളിങ് സമയം. ഒരു മണ്ഡലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. പശ്ചിമ ബംഗാളിലെ 294 സീറ്റുകളിലേക്കും തമിഴ്നാട്ടിലെ 234 സീറ്റുകളിലേക്കും കേരളത്തിലെ 140 സീറ്റുകളിലേക്കും അസമിലെ 126 സീറ്റുകളിലേക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ 30 സീറ്റുകളിലേക്കും ആണ് വോട്ടെടുപ്പ് നടക്കുക.
18 കോടി 86 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കു. ഓണ്‍ലൈനായും പത്രിക നല്‍കാം. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേരും വാഹന റാലികളില്‍ അഞ്ച് വാഹനങ്ങളും മാത്രമേ പാടുള്ളുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞു. ഉൽസവം, പരീക്ഷ എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് തീയതികള്‍ തീരുമാനിച്ചതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
Also Read: കേരളത്തിൽ 8 മെമു സർവീസുകൾ മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു








































