തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ ദിവസങ്ങൾക്കുള്ളിൽ ഒട്ടേറെ ജീവനുകൾ പൊലിഞ്ഞതിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ വയനാട്ടിലെ മനുഷ്യ- മൃഗ സംഘർഷം ലഘൂകരിക്കാൻ സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്ത നിവാരണവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
വയനാട് കളക്‌ടറുടെ അപേക്ഷ അനുസരിച്ചാണ് തുക അനുവദിച്ചതെന്നും വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും പണം ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു. വയനാട്ടിലെ കാപ്പാട് മേഖലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഗോത്ര യുവാവ് മനുവിന്റെ (45) മൃതദേഹം കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ടെത്തിയത്.
മനുവിനെ തിങ്കളാഴ്‌ച രാത്രി ഏഴരയോടെയാണ് കാട്ടാന ആക്രമിച്ചത്. തിരുവനന്തപുരം പാലോട്ട് വനവിഭവങ്ങൾ ശേഖരിക്കാനായി ഉൾവനത്തിലേക്ക് പോയ മടത്തറ ശാസ്‌താംനട വലിയപുലിക്കോട് ചതുപ്പ് സ്വദേശി ബാബുവിന്റെ മൃതദേഹം തിങ്കളാഴ്‌ച കാട്ടാന ചവിട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. കാട്ടാന ആക്രണത്തിൽ കഴിഞ്ഞ 14 മാസത്തിനിടെ സംസ്‌ഥാനത്ത് 24 പേരാണ് മരിച്ചത്.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്