തിരുവനന്തപുരം: ആരോഗ്യമന്ത്രിക്ക് എതിരായ സ്ത്രീവിരുദ്ധ പാമർശത്തിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. മന്ത്രി വീണ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പി സതീദേവി പ്രതികരിച്ചു.
‘തന്റെ കർമ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയേയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉരുപയോഗിച്ചുകൊണ്ട് അപമാനിച്ചിരിക്കുന്നത്. ഇത്തരത്തിൽ രാഷ്ട്രീയ അശ്ളീലം വിളമ്പുന്ന ആളുകൾക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരേണ്ടതുണ്ട്. അനുചിതമായ പ്രസ്താവനയിൽ ഉപയോഗിച്ച ‘സാധനം’ എന്ന വാക്ക് തന്നെ മതി അദേഹം ഏത് രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നതെന്ന് തെളിയിക്കാൻ’- വനിതാ കാമ്മീഷൻ വാർത്താ കുറിപ്പിൽ പറഞ്ഞു.
മുൻപ് നമ്പൂതിരി സമുദായത്തിനിടയിൽ ഉണ്ടായിരുന്ന സ്മാർത്തവിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’ എന്നത്. കെഎം ഷാജിയെ പോലെയുള്ളവരുടെ മനസിൽ നിന്നും തികട്ടിവരുന്ന ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ. ആധുനിക കാലത്തും പിന്തിരിപ്പൻ ചിന്താഗതി വെച്ചുപുലർത്തുന്ന കെഎം ഷാജിയെ പോലുള്ളവരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാകണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
മലപ്പുറം കുണ്ടൂർ അത്താണി ലീഗ് സമ്മേളന വേദിയിലായിരുന്നു കെഎം ഷാജിയുടെ വിവാദ പ്രസംഗം. അന്തവും കുന്തവും തിരിയാത്ത ഒരു ‘സാധന’മാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നാണ് കെഎം ഷാജി പറഞ്ഞത്. വീണ ജോർജ് ഷോ കളിച്ചു മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. നിപ എന്ന് കേൾക്കുമ്പോൾ വവ്വാലിനെയും ദുരന്തം എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രിയേയുമാണ് ഓർമ വരുന്നതെന്നും കെഎം ഷാജി പറഞ്ഞിരുന്നു.
വലിയ പ്രഗൽഭയൊന്നും അല്ലെങ്കിലും മുൻ ആരോഗ്യമന്ത്രി കെകെ ശൈലജക്ക് കാര്യങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ, നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണെന്നും ഷാജി ചോദിച്ചു. നല്ല പ്രസംഗത്തിന് നൽകിയ സമ്മാനമാണ് വീണ ജോർജിന്റെ മന്ത്രി പദവിയെന്നും ഷാജി പറഞ്ഞു.
Most Read| സംവരണ പട്ടിക പുതുക്കൽ: സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടിസ്







































