ന്യൂഡെൽഹി: പിന്നാക്ക സംവരണ വിഷയത്തിൽ (Revision Of OBC Reservation) കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കും സംസ്‌ഥാന പിന്നാക്ക വിഭാഗ കമ്മിഷനും സുപ്രീം കോടതി നോട്ടിസ് അയച്ചു. കേരളത്തിലെ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ല എന്നാരോപിച്ച് നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സുപ്രീം കോടതി നോട്ടീസ്.
സംവരണപ്പട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക, സാമ്പത്തിക സർവേ പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നടപടിയില്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നടപടി.
സംവരണപട്ടിക പരിഷ്‌കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സർവേ പൂർത്തിയാക്കാൻ 2020 സെപ്‌റ്റംബറിൽ കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾക്കു കേരള ഹൈക്കോടതി 6 മാസം സമയം നൽകിയിരുന്നു. ഈ സമയ പരിധി ചോദ്യം ചെയ്‌തുകൊണ്ടും കേന്ദ്രത്തിന് വിഷയത്തിൽ ഉത്തരവാദിത്തമില്ലെന്നും പറഞ്ഞു കേന്ദ്രം നൽകിയ ഹരജിയിൽ പഠനം ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ഒരു വർഷത്തെ സമയം അനുവദിച്ചിരുന്നു.
എന്നാൽ, ഈ കാലാവധി കഴിഞ്ഞിട്ടും പിന്നാക്ക വിഭാഗങ്ങളെ നിശ്‌ചയിക്കുന്നതിനുള്ള ജാതി സെൻസസ് നടത്താൻ ഇത് വരെയും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ഹരജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ഇപ്പോൾ സുപ്രീംകോടതി കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ ഉൾപ്പടെ ബന്ധപ്പെട്ട എല്ലാവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്.

മൈനോറിറ്റി ഇന്ത്യൻസ് പ്ളാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്‌റ്റിനു വേണ്ടി ചെയർമാൻ വികെ ബീരാനാണു ഹരജി നൽകിയത്. ഹൈക്കോടതിയെ തന്നെ സമീപിക്കാവുന്നതല്ലേയെന്നു കോടതി ചോദിച്ചു. എന്നാൽ, നിശ്‌ചിത ഇടവേളകളിൽ സംവരണ പട്ടിക വിലയിരുത്തി പുതുക്കണമെന്ന് ഇന്ദിര സാഹ്‌നി കേസിൽ സുപ്രീം കോടതി നിർദേശിച്ച് 30 വർഷം പിന്നിട്ടിട്ടും ഇതു നടപ്പാക്കാതിരിക്കാൻ ബോധപൂർവമായ ശ്രമമുണ്ടെന്നു ഹർജിക്കാർക്കുവേണ്ടി ഹാരിസ് ബീരാൻ വാദിച്ചു.
പിന്നാക്ക വിഭാഗ കമ്മിഷൻ നിയമത്തിലെ 11(1) വകുപ്പുപ്രകാരം, 10 വർഷം കൂടുമ്പോൾ പട്ടിക പുതുക്കുകയും പിന്നാക്കക്കാർ അല്ലാതായവരെ ഒഴിവാക്കുകയും പുതിയവരെ ഉൾപ്പെടുത്തുകയും ചെയ്യണം. മുസ്‍ലിംകൾ, പട്ടികജാതി, പട്ടിക വർഗം, മറ്റ് 70 പിന്നാക്ക സമുദായങ്ങൾ എന്നിവർക്കു കേരളത്തിലെ സർക്കാർ ജോലികളിൽ മതിയായ പ്രാതിനിധ്യമില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സംസ്‌ഥാന ജനസംഖ്യയിൽ 26.9% മുസ്‍ലിംകളുണ്ടെങ്കിലും 11.4% ആണു സർക്കാർ സർവീസിലെ പ്രാതിനിധ്യമെന്നും ഹരജിയിൽ പറയുന്നു.

അതേസമയം, സംവരണപട്ടിക പുതുക്കാനുള്ള ജാതി സെൻസസ് നടത്തേണ്ടതു കേരള സർക്കാരിന്റെ മാത്രം ബാധ്യതയാണെന്ന നിലപാടാണു കേന്ദ്രത്തിന്. 2011ലെ സെൻസസിൽ ഒട്ടേറെ തെറ്റുകളുണ്ടെന്നും ഇത് ഉപയോഗിക്കാനാവില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 2021ലെ 105ആം ഭരണഘടനാ ഭേദഗതിയോടെ, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കമായവരുടെ പട്ടികയുണ്ടാക്കാനും സെൻസസ് നടത്താനും സംസ്‌ഥാന സർക്കാരിനു സ്വാതന്ത്ര്യമുണ്ട്. വിഷയത്തിൽ സംസ്‌ഥാന നിലപാടാണ് ഇനി നിർണായകമാവുക.
TECHNOLOGY | കാനഡക്കാർക്ക് ഇനിമുതൽ ഫേസ്‌ബുക്ക്, ഇൻസ്‌റ്റാഗ്രാം വഴി വാർത്തകൾ ലഭ്യമാകില്ല