കൊച്ചി: സംസ്‌ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നടത്തുന്ന പരിശോധനക്കെതിരെ ഇന്ന് കിറ്റെക്‌സ് ജീവനക്കാർ കമ്പനി പരിസരത്ത് പ്രതിഷേധ പരിപാടി നടത്തും. പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്‍കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്‌സിലെ 9500 ജീവനക്കാർ കമ്പനി പരിസരത്ത് വൈകിട്ട് ആറു മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
കിറ്റെക്‌സുമായുള്ള പ്രശ്‌നത്തിൽ വ്യവസായ വകുപ്പ് അനുരഞ്‌ജന ശ്രമം തുടരുന്നതിനിടെയാണ് സമരവുമായി ജീവനക്കാർ രംഗത്തെത്തുന്നത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്‌സ് പിൻമാറിയതിന് പിന്നാലെയാണ് വ്യവസായ വകുപ്പ് അനുരഞ്‌ജന ശ്രമം തുടങ്ങിയത്. വ്യവസായ മന്ത്രി പി രാജീവ് തന്നെ നേരിട്ട് ഇടപെടൽ നടത്തുന്നുണ്ട്. എന്നാൽ റെയ്‌ഡ് നടത്തിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ഉണ്ടായാൽ മാത്രമേ സർക്കാരുമായി ചർച്ചക്കുള്ളൂ എന്ന നിലപാടിലാണ് കിറ്റെക്‌സ്.
2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തില്‍ വെച്ചാണ് കിറ്റെക്‌സ് സംസ്‌ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഒരു അപ്പാരല്‍ പാര്‍ക്ക്, മൂന്ന് മറ്റു വ്യവസായ പാര്‍ക്കുകള്‍ എന്നിവ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളായിരുന്നു ധാരണാപത്രത്തില്‍ ഉണ്ടായിരുന്നത്. പദ്ധതികളുമായി ബന്ധപ്പെട്ട സ്‌ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
എന്നാൽ, നിലവില്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്‌ഥയാണ് ഉള്ളതെന്നും സംസ്‌ഥാനത്ത് വ്യവസായ സൗഹാര്‍ദ സാഹചര്യമല്ലെന്നും ആരോപിച്ച് കിറ്റെക്‌സ് എംഡി സാബു ജേക്കബ് നിക്ഷേപ പദ്ധതിയിൽ നിന്ന് പിൻമാറുകയായിരുന്നു.
Most Read: ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ