കണ്ണൂര്‍: പ്ളസ്‌ടു കോഴ കേസില്‍ കെഎം ഷാജി എംഎല്‍എയെ വിജിലന്‍സ് അടുത്തയാഴ്‌ച ചോദ്യം ചെയ്യും. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് 3 ദിവസത്തിനകം നോട്ടീസ് നല്‍കും. കേസുമായി ബന്ധപ്പെട്ട് വാദിഭാഗത്തും പ്രതിഭാഗത്തുമായി ഇരുപത്തിയഞ്ചോളം പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്.
കെഎം ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ളസ്‌ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്നതാണ് കേസിനാസ്‌പദമായ സംഭവം. മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴയായി കൈപ്പറ്റിയെന്ന് സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷിമൊഴികളില്‍ നിന്നും വ്യക്‌തമായെന്ന് വിജിലന്‍സ് എഫ്ഐആറില്‍ പറയുന്നു.
മാത്രമല്ല, വിശദമായ അന്വേഷണം വേണമെന്നും വിജിലന്‍സ് തലശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ വ്യക്‌തമാക്കുന്നുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതവും രാഷ്‌ട്രീയ പ്രേരിതവും ആണെന്നാണ് കെഎം ഷാജി എംഎല്‍എയുടെ നിലപാട്.
Read also: എം ശിവശങ്കറിന് എതിരെ കുറ്റപത്രം തയ്യാറാക്കി ഇഡി; 24 ന് സമര്‍പ്പിക്കും